സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; എണ്ണവില കുതിച്ചുയരും, തിരിച്ചടിയില്‍ തകരുക ഇന്ത്യയും

റിയാദ്: സൗദി അറേബ്യ എണ്ണ വിതരണം കുറച്ചത് കടുത്ത തിരിച്ചടിയായേക്കും. സൗദി മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളും മറ്റു ഒപെക് അംഗങ്ങളും എണ്ണ ഉല്‍പ്പാദനം കുറച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിബിയയും ഇറാനും വെനിസ്വേലയും പ്രതിസന്ധിയിലായതോടെ കനത്ത തിരിച്ചടി ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകും.

ഉല്‍പ്പാദനം കുറയ്ക്കാന്‍ നേരത്തെ സൗദി തീരുമാനിച്ചിരുന്നു. മറ്റു രാജ്യങ്ങളും ഈ വഴി പിന്തുടരുകയാണ്. ഇതോടെ എണ്ണ വില വര്‍ധിക്കുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എണ്ണ വില വര്‍ധിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരിനും തിരിച്ചടിയാകും. ഇതില്‍ നിന്ന് കരകയറാന്‍ അമിതമായ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഒരുപക്ഷേ, സാമ്പത്തി ഞെരുക്കത്തിനും ഇടയാക്കും. 12 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പ്പദനമാണ് ഇപ്പോള്‍ നടക്കുന്നത്.രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് എണ്ണ ഉല്‍പ്പാദനത്തില്‍ നടത്തിയിരിക്കുന്നത്. സൗദി മാത്രമാണ് നേരത്തെ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് അറിയിച്ചത്. എന്നാല്‍ എല്ലാ ഒപെക് രാജ്യങ്ങളും ഇതിന് പിന്തുണ നല്‍കിയിരിക്കുകയാണിപ്പോല്‍. ഈ സാഹചര്യത്തില്‍ വിപണിയില്‍ ലഭ്യത കുറയും. സ്വാഭാവികമായും വില കുത്തനെ വര്‍ധിക്കുകയും ചെയ്യും.

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചാല്‍ നേരത്തെ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്ന് എണ്ണ കൂടുതല്‍ ഇറക്കാമായിരുന്നു. എന്നാന്‍ ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നത് തിരിച്ചടിയായി. മാത്രമല്ല, ലിബിയയിലെയും വെനിസ്വേലയിലെയും ആഭ്യന്തര പ്രശ്‌നങ്ങളും വിപണിയിലെ ലഭ്യതയില്‍ കുറവുണ്ടാക്കി. നുവരിയില്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിനം വിപണിയില്‍ എത്തിച്ചത് 30.98 ദശലക്ഷം ബാരല്‍ എണ്ണയാണ്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. എന്നാല്‍ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 90000 ബാരലിന്റെ കുറവാണ് ഓരോ ദിവസവും സംഭവിച്ചിരിക്കുന്നത്. പ്രതിമാസ കണക്കെടുക്കുമ്പോള്‍ 2017 ജനുവരിക്ക് ശേഷം ഇത്രയും കുറവ് ആദ്യമാണ്. ഒപെകിലെ 14 അംഗ രാജ്യങ്ങളും ജനുവരി ഒന്നുമുതല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തുടങ്ങിയെന്ന് റോയിട്ടേഴ്‌സ് സര്‍വ്വെ വ്യക്തമാക്കുന്നു. എന്നാലും ഇറാഖും ചില രാജ്യങ്ങളും ധാരണയ്ക്ക് അപ്പുറത്തുള്ള ഉല്‍പ്പാദനം നടത്തി. ഒപെകില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇറാഖ്.

എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളും ധാരണ പ്രകാരമുള്ള കുറവ് നേരത്തെ വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു ആഴ്ചകളായി കുറവ് വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷയാണെന്ന് ഒപെക് വൃത്തങ്ങള്‍ പറയുന്നു.ഡിസംബറില്‍ ബാരലിന് 50 ഡോളറായിരുന്നു വില. ജനുവരിയില്‍ 60 ഡോളറായി വര്‍ധിച്ചു. സൗദി അറേബ്യ ഉല്‍പ്പാദനം വന്‍ തോതില്‍ കുറച്ചതാണ് വില ഉയരാന്‍ കാരണം. വെനിസ്വേലക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയതോടെ ആ രാജ്യത്ത് നിന്നുള്ള വരവും കുറഞ്ഞു. ഇറാനെതിരെ നേരത്തെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.ജനുവരി ഒന്നുമുതല്‍ ഓരോ ദിവസവും ഉല്‍പ്പാദനത്തില്‍ 12 ലക്ഷം ബാരല്‍ കുറവ് വരുത്തണമെന്നാണ് ഒപെകും ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. ഒപെക് എട്ട് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കും. ബാക്കി റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ രാജ്യങ്ങളും കുറയ്ക്കും.

Source: Tv0