നോണ്‍ ഇല്ലെങ്കില്‍ അതിഥികള്‍ക്ക് ഭക്ഷണം ഇറങ്ങില്ല, ഭക്ഷണ പൊതികള്‍ വലിച്ചെറിയുന്നു

കടുത്ത ലോക്ഡൗണിലൂടെ സംസ്ഥാനം പോകുമ്പോഴും ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെത്തിച്ച ഭക്ഷണപ്പൊതികള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുന്ന ഈ അവസരത്തിലും അവര്‍ക്കായി ഭക്ഷണം ഒരുക്കാന്‍ നിരവധിപ്പേരാണ് കൈയ്യും മെയ്യുമറിഞ്ഞ് സഹായിക്കുന്നത്.

ചാലയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. നോണ്‍ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണം എന്നാല്‍ നോണ്‍വെജ് ഇല്ലെങ്കില്‍ വലിച്ചെറിയുമെന്ന നിലപാടിലാണ് അവര്‍. പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു മിക്ക അന്യ സംസ്ഥാന തൊഴിലാളികളും.

അതേ സമയം ഇന്നലെ കഴിക്കാന്‍ ഭക്ഷണമോ താമസിക്കാന്‍ വീടോ നല്‍കാതെ അന്യസംസ്ഥാന തൊഴിലാളികളെ കരാറുകാരന്‍ പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോള്‍ കണ്ടത് ബീഫും നെയ്‌ച്ചോറും കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ. തൃക്കരിപ്പൂര്‍ പൊറോപാടുള്ള ക്യാമ്പിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ മതിയാവോളം ബീഫും നെയ്‌ച്ചോറും കഴിക്കുന്ന ദൃശ്യം കണ്ടത്.

ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണി രാജ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ഇ.വി വിനോദ്, കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആണ് ഇന്നലെ പൊറോപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിയത്. നൂറ്റിമുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കൊവിഡ് ലോക്ക് ഡൗണ്‍ കാരണം കരാറുകാരന്‍ ഇവര്‍ക്കൊന്നും ഭക്ഷണം നല്കുന്നില്ല എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ആരെയും അറിയിക്കാതെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.