ലളിതാമ്മയ്ക്ക് 54ാം വയസില്‍ ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നു

തൃശ്ശൂര്‍: ഏക മകനെ ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നതിന്റെ കണ്ണീരില്‍ കഴിയുകയായിരുന്ന ലളിത-മണി ദമ്പതികള്‍ക്ക് കൂട്ടായി ഇരട്ടക്കുട്ടികളെത്തി. 2017 മേയ് 17-നാണ് ബൈക്കില്‍ ലോറിയിടിച്ച് ഗോപിക്കുട്ടന്‍ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിതസായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്പതിമാര്‍ക്കുണ്ടായത്. 35-ാം വയസ്സില്‍ പ്രസവം നിര്‍ത്തിയ ലളിതയുടെ മുന്നിലുള്ള പോംവഴി കൃത്രിമഗര്‍ഭധാരണം മാത്രമായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണന്‍കുട്ടിയെ സമീപിക്കുകയായിരുന്നു.

ഓട്ടോഡ്രൈവറായ മണിക്ക് ചികിത്സാച്ചെലവ് താങ്ഹാനാകുമായിരുന്നില്ല. തങ്ങളുടെ ദുരിതവും ആഗ്രഹവും ഡോക്ടറോട് പറഞ്ഞതോടെ മരുന്നിന്റെ തുകമാത്രം നല്‍കിയാല്‍മതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകള്‍ ദമ്പതികള്‍ക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു. പക്ഷേ, വിധി അവിടേയും തിരിച്ചടിച്ചു, ഒരു കുഞ്ഞിനെ ഗര്‍ഭകാലത്ത് നഷ്ടമായി. നവംബര്‍ രണ്ടിന് തുടര്‍ചികിത്സയ്ക്കായി ലളിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയില്‍ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോള്‍ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തൃശ്ശൂര്‍ തലോറിലെ വീട്ടില്‍ രണ്ടു കുഞ്ഞുങ്ങളെ കളിചിരികളുണ്ടാകും. ‘ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവര്‍. മൂത്തയാളെ ഞങ്ങള്‍ ഗോപിക്കുട്ടന്‍ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുല്‍കുട്ടനെന്നും’- ഐവിഎഫിലൂടെ പിറന്ന ഇരട്ടകളെ നെഞ്ചോട് ചേര്‍ത്ത് ലളിതയും ഭര്‍ത്താവ് മണിയും ഒരേ ശബ്ദത്തില്‍ പറയുന്നു. തലോറിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്സിങ് ഹോമിലാണു താമസം.