മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ചിദംബരത്തെ കോടതിയിൽ ഹാജരാക്കി

ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ കോടതിയിൽ ഹാജരാക്കി. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും എന്നാണ് സൂചന. ചിദംബരത്തിന്റെ ഭാര്യ നളിനിയും മകൻ കാർത്തിയും അഭിഭാഷകർക്കൊപ്പം കോടതിയിലുണ്ട്. സൗത്ത് ഡൽഹിയിലെ വീട്ടിൽ നിന്ന് ബുധനാഴ്ച വൈകിട്ട് നാടകീയമായി അറസ്റ്റുചെയ്തതിനെത്തുടർന്ന് ചിദംബരം രാത്രി മുഴുവൻ സി.ബി.ഐയുടെ ആസ്ഥാനത്താണ് ചിലവഴിച്ചത്. കോൺഗ്രസ് രാജ്യസഭാംഗമായ ചിദംബരത്തെ സി.ബി.ഐ ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ടെലിവിഷൻ കമ്പനിയായ ഐ‌എൻ‌എക്സ് മീഡിയയിലേക്ക് വിദേശ നിക്ഷേപം നടത്താനായി അധികാര ദുർവിനയോഗം നടത്തി എന്നാണ് പി.ചിദംബരത്തിനെതിരെയുള്ള ആരോപണം. മകൻ കാർത്തി ചിദംബരത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നും, പകരമായി കൈക്കൂലി ലഭിച്ചുവെന്നും ആരോപിക്കപ്പെടുന്നു. കേസിൽ ചിദംബരത്തിന്റെയും മകന്റെയും പേര് വെളിപ്പെടുത്തിയത് ഐ‌എൻ‌എക്സ് മീഡിയയുടെ ഉടമസ്ഥതരായിരുന്ന പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവരാണ്, ഇവരിപ്പോൾ ഇന്ദ്രാണി മുഖർജിയയുടെ മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്.

ചിദംബരം ധനമന്ത്രിയായിരിക്കെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഐഎന്‍ക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ തുടങ്ങിയിരുന്നു.

എന്നാല്‍ ഇന്നലെ വൈകീട്ടാണ് ചിദംബരത്തെ കണ്ടെത്താനായത്. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലേയ്ക്ക് മടങ്ങിയ ചിദംബരത്തെ ഏറെ നാടകീയമായി, മതില്‍ ചാടിക്കടന്നും മറ്റും അകത്തെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. അതേസമയം ചിദംബരത്തിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.