ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്; ശ്രീനിജിനെ തള്ളി പി രാജീവ്

മാപ്പ് പറയണമെന്ന സാബു എം.ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച പി.വി.ശ്രീനിജിന്‍ എംഎല്‍എ തള്ളി മന്ത്രി പി.രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്. ട്വന്റി ട്വന്റിയുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും. കെ റെയില്‍ വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലത്. വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും രാജീവ് പറഞ്ഞു .

അതേസമയം, പോസ്റ്റ് ചര്‍ച്ചയായതോടെ പി.വി. ശ്രീനിജിന്‍ എംഎല്‍എ പിന്‍വലിച്ചു. ട്വന്റി ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സാബു എം.ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് പി.വി. ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആരുടെ കൈയിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു പി.വി. ശ്രീനിജിന്റെ പരിഹാസം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലെ എം.എല്‍.എ ശ്രീനിജന്‍ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സില്‍വന്‍ലൈന്‍ ഉള്‍പ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം പിടിക്കാന്‍ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ എം. സ്വരാജെത്തിയിരുന്നു. ട്വന്റി 20 – ആം ആദ്മി സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയില്‍ അവര്‍ക്ക് ഇടതുപക്ഷത്തോടേ യോജിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.