പത്മഭൂഷൻ പുരസ്‌കാരം നിഷേധിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

പത്മ പുരസ്‌കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസ്താവനയിലൂടെ പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്.

‘പത്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല, പുരസ്‌കാരം സംബന്ധിച്ച് എന്നോട് ആരും അനുമതി തേടിയിട്ടില്ല. ഇനി എനിക്ക് പത്മഭൂഷൺ നൽകിയിട്ടുണ്ടെങ്കിൽ ഞാനത് നിരസിക്കുന്നു.’ ബുദ്ധദേബ് ഭട്ടാചാര്യ അറിയിച്ചു. സീതാറാം യെച്ചൂരിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വിറ്ററിലൂടെ പങ്കുവെച്ചത്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ആണ് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്‌കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പത്മഭൂഷൺ. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.