അജിത്രയ്ക്ക് തണലേകാന്‍ 83-ാം വയസില്‍ പെയിന്റിങ് ബ്രഷ് കയ്യിലെടുത്ത് പത്മിനി ടീച്ചര്‍

ചാലിച്ച വര്‍ണങ്ങളേക്കാള്‍ തെളിമയാണ് പത്മിനി ടീച്ചറുടെ മനസിന്. ടീച്ചറുടെ കോഫി പെയന്റിംഗില്‍ പിറന്ന നെഹ്‌റുവും, ഗാന്ധിയും, വിവേകാനന്ദനും, യേശുക്രിസ്തുവിനും എല്ലാം ജീവന്‍ തുളുമ്പുന്ന രൂപമാണ്. എന്നാല്‍ ഇതിനൊക്കെ പിന്നില്‍ അജിത്ര എന്ന ഒമ്പതാം ക്ലാസുകാരിയുടെ കണ്ണീരിന്റെ നനവും ഉണ്ട്.

പത്മിനി ടീച്ചര്‍ തന്റെ 83-ാം വയസിലും ചിത്രം വരയ്ക്കാന്‍ ബ്രഷ് കയ്യില്‍ എടുത്തത് അജിത്രയ്ക്ക് വേണ്ടിയാണ്. അജിത്രയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു കിടപ്പാടമാണ് പത്മിനി ടീച്ചറിന്റെ ലക്ഷ്യം. ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ലഭിക്കുന്ന തുകയ്ക്ക് അജിത്രയ്ക്ക് വീട് നിര്‍മിച്ച് നല്‍കാനാണ് ചരിത്ര അധ്യാപിക കൂടി ആയിരുന്ന പത്മിനി ടീച്ചറുടെ ലക്ഷ്യം.

വഴുതക്കാട് സ്വദേശിയായ പത്മിനി ടീച്ചര്‍ ഏവര്‍ക്കും ഒരു മാതൃകയാണ്. ദുരിതം അനുഭവിക്കുന്നവരെ തന്നാലാകും വിധം എങ്ങനെ സഹായിക്കാം എന്നാണ് പത്മിനി ടീച്ചര്‍ തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുന്നത്. അജിത്രയും കുടുംബവും കഴിയുന്നത് ചാക്കും പ്ലാസ്റ്റിക്കും കൊണ്ട് മറച്ചൊരു ഷെഡിലാണ്. അമ്മയും രണ്ട് മക്കളുമാണ് നിന്ന് തിരിയാന്‍ പോലും ഇടമില്ലാത്ത ഈ കൂരയില്‍ കഴിയുന്നത് വീട്ട് ജോലിക്ക് പോയി കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് അമ്മ സവിത അജിത്രയേയും അജിനെയും പോറ്റുന്നത്.

ടീച്ചറുടെ കരുതലില്‍ പുതിയ ജീവിതം കെട്ടിപ്പെടുക്കാനുള്ള പരിശ്രമത്തിലാണ് അജിത്രയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴെ വെച്ച പെയ്ന്റിങ് അജിത്രയ്ക്ക് വേണ്ടിയാണ് 83-ാം വയസില്‍ പത്മിനി ടീച്ചര്‍ കയ്യില്‍ എടുത്തത്. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കിട്ടുന്ന പ്രതിഫലം അജിത്രയ്ക്ക് വീട് നിര്‍മിക്കാന്‍ നല്‍കുക എന്നതാണ് പത്മിനി ടീച്ചറുടെ ലക്ഷ്യം. ഇതുവരെ നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു. രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് കണ്ണീരോടെ നേരം വെളുപ്പിക്കാറുള്ള ആ അമ്മയുടെ മനസിലെ ദൈവം ഇപ്പോള്‍ പത്മിനി ടീച്ചറുടെ മുഖമാണ്.