സെപ്റ്റംബർ മാസത്തെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി

തൊഴിലാളികൾക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്ത് കെഎസ്ആർടിസി. സർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത്.മാസങ്ങൾക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുൻപായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയാക്കുന്നത്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാനായി കഴിഞ്ഞ മാസം സർക്കാർ 100 കോടി നൽകിയിരുന്നു.

ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പുതിയ മാറ്റങ്ങളോട് സഹകരിച്ചാൽ അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ജീവനക്കാ‍ർക്ക് ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്.