ഇങ്ങനെ പോയാല്‍ രാജ്യം അപകടത്തിലാകും; ഇമ്രാന്‍ ഖാന് മുന്നറിയിപ്പുമായി പാക് മന്ത്രി

പാകിസ്താനില്‍ കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതില്‍ മുന്നറിയിപ്പുമായി മന്ത്രി ആസാദ് ഉമര്‍ രംഗത്ത്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അമേരിക്കയ്ക്കും, ബ്രിട്ടണും സമാനമായ സാഹചര്യമാകും രാജ്യത്തുണ്ടാകുകയെന്ന് ആസൂത്രണ വികസന മന്ത്രിയായ ആസാദ് ഉമര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആസാദ് ഉമറിന്റെ ട്വീറ്റ്. ബ്രിട്ടണിലും, അമേരിക്കയിലും ഒന്നാം ഘട്ടത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ രോഗികളും, മരണങ്ങളുമാണ് നിലവില്‍ പ്രതിദിനം ഉണ്ടാകുന്നത്. ഇത് അപായ സൂചനയാണ് നല്‍കുന്നത്. ഇനിയെങ്കിലും ശരിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പരിണിത ഫലം വലുതായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗവ്യാപന തോത്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചുവേണം ഓരോ തീരുമാനങ്ങളും എടുക്കാന്‍. ഉചിതമായ തീരുമാനങ്ങള്‍ എടുത്താല്‍ രോഗവ്യാപന തോത് ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.