‘ഇന്ത്യയ്ക്ക്, ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് അഭിനന്ദനങ്ങള്‍’ ; ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാനും

ചാന്ദ്രയാന്‍ 2ന്റെ വിജയകരമായ വിക്ഷേപണത്തോടെ അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്ക് അഭിനന്ദനം ചൊരിഞ്ഞ് പാക്കിസ്ഥാനിലെ സാധാരണ പൗരന്‍മാര്‍. ശത്രുതയിലൂടെ പരസ്പരം തമ്മിലടിപ്പിക്കാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സാധാരണ ജനങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള സ്നേഹ പ്രകടനങ്ങള്‍. പാക്കിസ്ഥാന്‍ പൗരന്‍മാരുടെ അഭിനനന്ദങ്ങള്‍ക്ക് നന്ദി അറിയിച്ച് നിരവധി ഇന്ത്യക്കാരും രംഗത്തെത്തി.
ഇന്ത്യയുടെ ബഹിരാകാശ ചരിത്ര നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു അധ്യായംകൂടി തുന്നിച്ചേര്‍ത്ത ഐ എസ് ആര്‍ ഒയെ പേരുടത്ത് പറഞ്ഞാണ് പലരും അഭിനന്ദിച്ചത്. ഇത് ഇന്ത്യയുടെ മാത്രം നേട്ടമായാല്ല കാണുന്നത്. ഇത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മൊത്തം നേട്ടമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും അയല്‍ക്കാരുടെ സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും പാക് പൗരന്‍മാര്‍ ട്വീറ്റ് ചെയ്തു.

പാകിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ന്യൂസ് പേപ്പറായ ഡോവ്ണ്‍ ഡോട്ട് കോം ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്തക്ക് താഴെ നിരവധി പേരാണ് ഇന്ത്യയെ അഭിനന്ദിച്ചത്.
‘അയല്‍ക്കാര്‍ക്ക് അഭിനന്ദനങ്ങള്‍, ഈ ചരിത്രനേട്ടത്തിലേക്ക് നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അയല്‍ക്കാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്’. ‘ഒരു ഭക്ഷിണ ഏഷ്യന്‍ രാജ്യം ബഹിരാകാശത്ത് വലിയൊരു നേട്ടത്തില്‍ എത്തുന്നതില്‍ നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ഞങ്ങളുമുണ്ട്’ പൗക് പൗരന്‍മാര്‍ പറയുന്നു. ‘നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി, ഇത് അതിര്‍ത്തികളില്ലാതെ നമ്മുടെ നേട്ടമായി കാണാം’ എന്നാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ മറുപടി പോസ്റ്റില്‍ കമന്റ് ചെയ്തത്.