കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിംഗിന് പാക് ക്ഷണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാന്‍റെ ക്ഷണം സ്വീകരിക്കില്ല!!

നവംബര്‍ 9നാണ് കര്‍താര്‍പൂര്‍ ഇടനാഴി ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ചടങ്ങിലേയ്ക്ക് ഡോ. മന്‍മോഹന്‍ സിംഗിനെ പാക്കിസ്ഥാന്‍ ക്ഷണിച്ചിട്ടുള്ളതായി പാക് വിദേശകാര്യമന്ത്രി എസ് എം ഖുറേഷിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍, ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്‌ ഡോ. മന്‍മോഹന്‍ സിംഗ് ചടങ്ങില്‍ സംബന്ധിക്കില്ല. ഇന്ത്യയിലെ പ്രതിപക്ഷ൦ കശ്മീര്‍ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് പ്രയോജനപ്പെടുത്തുവനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ നടത്തിയത്. എന്നാല്‍ വിഫലമായി എന്ന് മാത്രം!!

കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ ക്ഷണിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം സിഖ് സമുദായത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണം പാക്കിസ്ഥാന്‍ അയയ്ക്കുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു.

പാക്കിസ്ഥാന്‍റെ തരംതാണ നയതന്ത്ര നീക്ക൦ ഇത്തവണയും പരാജയപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷം കൈക്കൊണ്ട നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പാക്‌ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. അതിന് വ്യക്തമായ തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് പാക്‌ കര്‍താര്‍പൂര്‍ ഇടനാഴി ഉത്ഘാടനത്തിന് ക്ഷണിക്കാനുള്ള പാക്‌ പദ്ധതി. ഇന്ത്യയിലെ പ്രതിപക്ഷം ഇന്ത്യക്കെതിരെ നിലകൊള്ളുമെന്ന്‍ പാകിസ്ഥാന്‍ വെറുതെ വ്യാമോഹിച്ചു!!

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ക്കിടെ കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യാ-പാക് ചര്‍ച്ച നടന്നിരുന്നു. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറില്‍ അന്തിമ തീരുമാനമെടുക്കാനായിരുന്നു യോഗം ചേര്‍ന്നത്‌.

നവംബര്‍ ആദ്യവാരമാണ് ഗുരുനാനാക്കിന്‍റെ 550ാം ജന്മവാര്‍ഷികം. ഇതോടനുബന്ധിച്ച്‌ ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മില്‍ പല വിയോജിപ്പുകളും ഉണ്ടെങ്കിലും പദ്ധതി മുന്നോട്ടു പോകണം എന്നാണ് രണ്ട് രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ സംരംഭമാണ് ഈ പദ്ധതി.

പാക് അധീന പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിച്ച്‌ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍.