പാലാ മലകൾ തുരന്ന് വിൽക്കുന്നു, സർക്കാർ തണലിൽ മാണി പാർട്ടി, വിമർശനവുമായി പാലാക്കാർ

പാലായിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ നിയമം ലംഘിച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം വക വൻ പാറ ഖനനം. കേരള സർക്കാരിന്റെ അനുമതിയോടെ എന്ന് പറയാൻ കാരണം പാലായെ തകർക്കുന്ന പാറ ഖനനം കേന്ദ്ര സംസ്ഥാന നിയമം ലംഘിച്ചാണ്‌. പാലാ നഗരസഭാ കൗൺസിലറും ജോസ് കെ മാണി വിഭാഗം നേതാവുമായ ജോസ് ചീരാം കുഴിയാണ്‌ ഖനനത്തിനു പിന്നിൽ. ജോസ് കെ മാണി അടക്കം ഉള്ളവർ ബിനാമികൾ എന്ന് വൻ ആരോപണം ഉയരുന്നു. ജോസ് കെ മാണി ഇടത് മുന്നണിയിൽ നില്ക്കുന്നതിന്റെ ഏറ്റവും വലിയ ലോട്ടറി അടിച്ച നേട്ടവും ഈ പാറ ഖനനക്കാർക്കാണ്‌. ഇനി പാലായിൽ മറ്റൊരു പണിയും ഇല്ലാത്ത ജോസ് കെ മാണി പാറ പൊട്ടിക്കാനാണോ ഇടത് സർക്കാരിൽ നില്ക്കുന്നത് എന്ന ചോദ്യവും പാലാക്കാർ ചോദിക്കുന്നു

പാലാ നഗരസഭാ കൗൺസിലറും ജോസ് കെ മാണി വിഭാഗം നേതാവുമായ ജോസ് ചീരാം കുഴി നടത്തുന്ന അനധികൃത പാറ ഖനനത്തിനെതിരേ അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് പാലാ നഗരസഭയിലെ തന്നെ സി പി എം കൗൺസിലറായ അഡ്വ.ബിനു പുളിക്കക്കണ്ട മാണ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ പരാതി നല്കി. പരാതിയുടെ പകർമ്മ കർമ്മ ന്യൂസിനു ലഭിച്ചു. ജോസ് കെ മാണിയുടെ പാർട്ടി നേതാവിനു പാലായിൽ ഖനനം നടത്താൻ എല്ലാ നിയമവും ലംഘിക്കാൻ സംസ്ഥാന പരിസ്ഥിതി വനം വകുപ്പും മലിനീകരണ ബോർഡും, ജില്ലാ കലക്ടറും , മൈനിങ്ങ് ആൻഫ് ജിയോളജി വിഭാഗവും എല്ലാ ഒത്താശയും ചെയ്യുകയാണ്‌. ഒന്നുകിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ഇവരെ ഭീഷണിപ്പെടുത്ത് അടക്കി ഇരുത്തുന്നു. അല്ലെങ്കിൽ പാറ ഖനനക്കാരുടെ പ്രലോഭവങ്ങളും തിട്ടൂരവും ഇവർ മൂകറ്റം കൈപറ്റി നിയമം നടപ്പാക്കാതിരിക്കുന്നു

പാലായിലെ ജോസ് കെ മാണി പാർട്ടിയുടെ നേതാവിന്റെയും ബിനാമിമാരുടേയും വൻ പാറ ഖനനത്തിനു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൻ്റെയും പെർമിറ്റോ, ലൈസൻസോ ഇല്ല. കലക്റ്ററുടെ അനുമതി ഇല്ല. പിന്നെ എങ്ങിനെ പാറ പൊട്ടിച്ച് ഒരു മല മുഴുവൻ ഇവർ പൊട്ടിച്ചും പൊടിച്ചും വിറ്റ് കാശു വാങ്ങുന്നു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ്‌ ഇവർ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കാരാണ്‌. അതുകൊണ്ടാണ്‌ പാലാക്കാർ പറയുന്നത് ജോസ് കെ മാണി ഈ സർക്കാരിൽ തുടരുന്നത് പാലായി പാറ പൊട്ടിക്കാൻ മാത്രമാണെന്നും

പാലാ നഗരസഭാ പരിധിയിലും മീനച്ചിൽ താലൂക്കിലെ വിവിധ ഇടങ്ങളിലുമായി കഴിഞ്ഞ 10 വർഷമായി ജോസ് ചീരാംങ്കുഴി അനധികൃത പാറ ഖനനവും പാറ കടത്തലും നടത്തുന്നു. റോയൽറ്റി നല്കാതെയും നികുതി ഇനത്തിൽ കോടികൾ സർക്കാർ ഖജനാവിലേക്ക് അടയ്ക്കാതെയുമാണ് ജോസ് ചീരാം കുഴിയുടെ അനധികൃത പാറഖനനം . ഈ അനധികൃത പാറ ഖനനത്തേക്കുറിച്ച് നാളിതുവരെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളോ, ഉദ്യോഗസ്ഥരോ അറിഞ്ഞിട്ടില്ലാ എന്നതാണ്ഏറെ ഗൗരവതരം. 10 വർഷക്കാലമായി നടന്നു വരുന്ന ഈ അനധികൃത പാറ ഖനനം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുദ്യോഗസ്ഥരുടേയോ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടേയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലായെന്നതാണ് ഏറെ വിചിത്രം.

ഉന്നത സ്വാധീനത്തിൻ്റെ പിൻബലത്തിലാണ് അനധികൃത ഖനനം എന്ന് ഇതോടെ വ്യക്തമാണ്. ഭൂമി നിരപ്പാക്കലിൻ്റെ മറവിലാണ് ഖനനവും പാറ കടത്തും നടത്തുന്നത്. ഭൂമി നിരപ്പാക്കി നല്കാമെന്ന വാഗ്ദാനം നല്കി സ്ഥലമുടമകൾക്ക് തുച്ഛമായ പ്രതിഫലം നല്കി എടുക്കുന്ന സ്ഥലത്തു നിന്നുമാണ് നിയമലംഘനം നടത്തി അനധികൃത പാറ ഖനനവും പാറ കടത്തും മണ്ണെടുപ്പും മണ്ണ് കടത്തുമൊക്കെ നടക്കുന്നത്. പ്രതിദിനം ലക്ഷങ്ങളുടെ പാറകടത്താണ് ഇവിടെ നിന്നൊക്കെ നടക്കുന്നത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ വസ്തു ഉടമകളുടെ അനുമതി കത്ത്, വില്ലേജ് ആഫീസറുടെ പൊസഷൻ ആൻഡ് എൻജോയ് മെൻ്റ് സർട്ടിഫിക്കറ്റ് ,മൈനിംഗ് പ്ലാൻ, ലോക്കേഷൻ മാപ്പ്, മൂവ്മെൻ്റ് പെർമിറ്റ് രണ്ട് ലക്ഷം രൂപയുടെ ഫൈനാൻഷ്യൽ ഗാരൻ്റി , മൈനർ ട്രാൻസ്സിറ്റ് പെർമിറ്റ്, തുടങ്ങിയ മന്ദറ്റൊര്യ് രേഖകളൊന്നുമില്ലാതെയാണ് ഖനനം നടക്കുന്നതെന് പരാതിയിൽ വ്യക്തമാക്കുന്നു.

സർക്കാരിലേക്ക് മുൻകൂട്ടി അടക്കേണ്ട റോയൽറ്റി അടയ്ക്കാതെ ഖനന വിവരങ്ങൾ മറച്ചു വെച്ച് വ്യാജ രേഖകളുടെ പിൻബലത്തിലാണ് അനധികൃത ഖനനം.ഒരു രൂപ പോലും നികുതി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് അടക്കുന്നില്ല. ഭീഷണി ഭയന്ന് ഖനനം നടക്കുന്ന സ്ഥലത്തെ പരിസരവാസികളോ പരിസ്ഥിതി പ്രവർത്തകരോ ഈ അനധികൃത ഖനനത്തിനെതിരേ പരാതി നല്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടകരമായ നിലയിലാണ് ഖനനം . അതിർത്തി ദൂരപരിധി വ്യവസ്ഥകൾ പാലിക്കാതെയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയും ഡീസൽ, ഡിറ്റനേറ്റർ, ഫ്യൂസ് എന്നിവ ഉപയോഗിച്ച് ഉഗ്രസ്ഫോടനങ്ങൾ നടത്തി പെട്ടെന്ന് കൂടുതൽ അളവിൽ പാറ പൊട്ടിച്ചെടുത്ത് കടത്തുന്നു. മനുഷ്യനും, വൃക്ഷ ലതാതികൾക്കും, മറ്റ് ജീവജാലങ്ങൾക്കുമെല്ലാം ഭീഷണിയായി അപകടകരമായ നിലയിൽ അന്തരീക്ഷ മലിനീകരണം നടക്കുന്നു. അപായ മു ന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയും അവിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചും, അനുവദനീയമായതിൽ കൂടുതൽ ആഴത്തിലാണ് ഖനനം നടത്തി വരുന്നത്.
കേരള മൈനർ മിനറൽ കൺസെഷൻ ആക്ട് , MMDR Act, പഞ്ചായത്ത് രാജ്, മുനിസിപ്പൽ Act, പരിസ്ഥിതി സംരക്ഷണ നിയമം, മൈൻസ് Act,’ പെസോ , ഹെൽത്ത് റവന്യൂ ടാക്സ്, Income Tax , എക്സ്പ്ലോസീവ് സബ്സ്റ്റെൻസ് Act എന്നിങ്ങനെ ഖനനവുമായി ബന്ധപ്പെട്ട് നിഷ്ക്കർഷിച്ചിട്ടുള്ള സകല നിയമങ്ങളും ലംഘിച്ചാണ് ഖനനം . മീനച്ചിൽ താലൂക്കിൽ ഏക്കറ് കണക്കിന് സ്ഥലത്താണ് ഇത്തരത്തിൽ അനധികൃത ഖനനം നടന്നു വരുന്നത്.

സംസ്ഥാന സർക്കാർ മൂക്കറ്റം കടത്താൽ മുങ്ങി സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാർ ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കി ഭരണമുന്നണിയിലെ കേരള കോൺഗ്രസ് നേതാവിൻ്റെ ഈ അനധികൃത നടപടി. പാലാ നഗരസഭാ ഭരണം ഇടതുമുന്നണിക്കാണ്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ജോസ് ചീരാം കുഴിക്ക് നഗരസഭാ സീറ്റ് നല്കിയത് പാർട്ടിയുടെ സാമ്പത്തിക സ്രോതസെന്ന നിലയിലാണെന്ന് പാർട്ടി ഭേദമന്യേ പാലാക്കാർക്കിടയിൽ  സംസാരമുണ്ട്.