വെള്ളം കോരുന്നതിനിടെ പെണ്‍കുട്ടി കിണറ്റില്‍ വീണു, മകളെ രക്ഷിക്കാനായി അച്ഛനും പിന്നാലെ ചാടി

വാളയാറില്‍ വീട്ടു മുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ 9 വയസുകാരി കാല്‍ തെന്നി കിണറ്റില്‍ വീണു. കയ്യില്‍നിന്നു വഴുതിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടി കിണറ്റില്‍ വീഴുന്നത്. കാല്‍തെന്നി തലകീഴായി കിണറ്റിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനായി അച്ഛന്‍ ഹരീഷ് കിണറ്റിലിറങ്ങി. കുട്ടിയെ കൈയ്യിലെടുത്തെങ്കിലും പുറത്തെത്തിക്കാനാവാതെ വന്നതോടെ കല്‍പടവില്‍ ചവിട്ടിനിന്നു. 25 അടി താഴ്ചയുള്ള കിണറ്റില്‍ 15 അടിയിലേറെ വെള്ളമുണ്ടായിരുന്നു. അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് ചാടി കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ഇരുവരും 10 മിനിറ്റിലേറെ കിണറ്റില്‍ കുടുങ്ങി.

അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ അച്ഛനെയും കുട്ടിയെയും കരയ്ക്കെത്തിച്ചു. ഇന്നലെ വൈകിട്ട് 6ന് അട്ടപ്പള്ള മരിയം വില്ലേജ് റോഡിലാണ് പ്രദേശത്തെ മുഴുവൻ മുൾമുനയിലാക്കിയ സംഭവം. അട്ടപ്പള്ളം മരിയം വില്ലേജ് റോഡിൽ ഹരീഷും മകൾ ദിയയുമാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ് മിനിറ്റുകൾക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കിണറ്റിൽ ഇറങ്ങി ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എഎസ്ടി ജി.മധു, സേനാംഗങ്ങളായ സുഭാഷ്, രാജേഷ്കുമാർ, കൃഷ്ണദാസ്, പ്രദീപ്കുമാർ, രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.