പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ നടപടികള്‍ക്ക് തുടക്കം,പാലത്തില്‍ പൂജ നടത്തി

കൊച്ചി: കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പാലത്തില്‍ പൂജ നടത്തിയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യം ടാറിംഗ് ഇളക്കി മാറ്റുന്ന ജോലിയാണ് ചെയ്യുന്നത്. ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ആയ ഇ.ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍മിര്‍മാണം നടക്കുക.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ പാലത്തിന്റെ ഇരുവശത്തും കൂടിയുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ അണ്ടര്‍ പാസ് വഴിയുള്ള ക്രോസിംഗ് അനുവദിക്കില്ല. പാലം പൊളിച്ചു പണിയാമെന്നുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എട്ടു മാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 18.71 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്.