പറവൂരിൽ വീട് വാടകയ്ക്കെടുത്ത് കോടികളുടെ ലഹരിമരുന്ന് വില്പന, മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: പറവൂരിൽ കോടികൾ വിലമതിക്കുന്ന രാസലഹരി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പറവൂർ വാണിയക്കാട് കുഴുപ്പള്ളി വീട്ടിൽ നിഖിൽ പ്രകാശാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരനാണ് നിഖിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച പറവൂരിലെ വാടക വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ഒരു കിലോ 854 ഗ്രാം എംഡിഎംഎയാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിധിൻ വിശ്വം, നിധിൻ കെ വേണു, അമിത് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നിഖിലിനെ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭ്യമാകുന്നത്.

ലഹരി മരുന്നുകൾ എത്തിക്കുന്നതിന് പ്രതി ഡൽഹിയിലേക്ക് തിരഞ്ഞെടുത്തിരുന്നത് വിമാന മാർഗമായിരുന്നു. അവിടെയെത്തി മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കുന്നതും പ്രതി തന്നെ. ഇതിന് പിന്നാലെ സംഘത്തിലുൾപ്പെട്ടവർ ഡൽഹിയിലെത്തും. സെക്കൻഡ് സെയിലിൽ വാങ്ങിയ വാഹനത്തിൽ ബെംഗളൂരു മുഖേന പറവൂരിൽ എത്തിക്കുകയായിരുന്നു രീതിയെന്ന് പോലീസ് പറയുന്നു.

ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം എന്ന വ്യാജേനയാണ് സംഘം പറവൂരിൽ വീട് വാടകയ്‌ക്ക് എടുത്തത്. സമീപ കാലഘട്ടത്തിൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയായിരുന്നു ഇതെന്നും പോലീസ് പറയുന്നു.