പൊറുക്കണെ അയ്യപ്പാ… പരിഹാസ കമന്റിന് പത്തനംതിട്ട കളക്ടറുടെ തകര്‍പ്പന്‍ മറുപടി

പത്തനംതിട്ട ജില്ല കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് ഉല്‍സവത്തോട് അനുബന്ധിച്ച് ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അറിയിച്ച് കലക്ടര്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സംഭവം. പോസ്റ്റിന് താഴെ ഒരാളുടെ കമന്റിന് കളക്ടര്‍ പി ബി നൂഹ് മറുപടിയും നല്‍കി. ശബരിമലയില്‍ നില്‍ക്കുന്ന ചിത്രവും ഈ പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിരുന്നു.

‘അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ അയ്യപ്പ എന്നു കൂടി പ്രാര്‍ഥിച്ചോളു.’ എന്നായിരുന്നു രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കമന്റിട്ടത്. ഇതിന് കലക്ടര്‍ കൊടുത്ത മറുപടി ഇങ്ങനെ. ‘അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ..പ്രാര്‍ഥിച്ചിട്ടുണ്ട്..’ മറുപടി വൈറലായതോടെ ട്രോളുകളും സജീവമാണ്.

അതേസമയം മണ്ഡലപൂജയ്ക്ക് 2 ദിവസം കൂടി ബാക്കി നില്‍ക്കെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവെേപ്പടുന്നത്. പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും 15 മണിക്കൂറില്‍ അധികം നീണ്ട കാത്തുനില്‍പ്. പടി കയറാനുള്ള നിര മരക്കൂട്ടവും ശബരിപീഠവും പിന്നിട്ട് നീണ്ടതോടെ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞു. പമ്പയിലേക്കുളള വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന 26ന് സൂര്യഗ്രഹണം കാരണം ക്ഷേത്രനട രാവിലെ 7.30 മുതല്‍ 11.30 വരെയാണ് അടച്ചിടും. ഉച്ചയ്ക്ക് ശേഷം തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ വൈകിട്ട് 6.30 വരെ പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും നിയന്ത്രണവും ഉണ്ട്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും അറിയിപ്പുകള്‍ വന്നതോടെ അന്ന് വരാന്‍ നിശ്ചയിച്ചിരുന്ന തീര്‍ഥാടകരില്‍ നല്ലൊരു ഭാഗവും ഇന്നലെ വന്നു. ഇതാണ് വലിയ തിരക്കിനു കാരണം.

പൊലീസിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുളള തീര്‍ഥാടക പ്രവാഹമാണ്. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറില്‍ 4600ന് മുകളില്‍ തീര്‍ഥാടകര്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് മലകയറി. ദര്‍ശനം തേടി എത്തിയവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളില്‍ കടന്നു. ഇതോടെ പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം പൊലീസ് പരമാവധി കൂട്ടി. പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ആര്‍. ആദിത്യ എത്തി പടിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പ്രചോദനം നല്‍കി.

മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ അവര്‍ പതിനെട്ടാംപടി കയറ്റി. 20 മിനിറ്റ് പടി കയറ്റിയപ്പോഴേക്കും കുനിഞ്ഞും നിവര്‍ന്നും പൊലീസുകാര്‍ തളര്‍ന്നു. 20 മിനിറ്റ് ഇടവിട്ട് വിശ്രമം നല്‍കി പൊലീസിന്റെ ആരോഗ്യ ക്ഷമത വര്‍ധിപ്പിച്ചാണ് വീണ്ടും സേവനത്തിന് ഇറക്കിയത്. നീലിമല പാത തിങ്ങി നിറഞ്ഞാണ് തീര്‍ഥാടകര്‍ മലകയറുന്നത്. പതിനെട്ടാംപടി കയറാനുളള നിര ശബരിപീഠവും പിന്നിടുന്നത് ഇതാദ്യമാണ്. കുത്തനെയുള്ള മലയായതിനാല്‍ അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ നിയന്ത്രിക്കാനും കഴിയില്ല.

ഇതേ തുടര്‍ന്നാണ് പമ്പയില്‍ തടഞ്ഞത്.പന്തളം രാജാ മണ്ഡപം, ഗണപതി കോവില്‍, മണപ്പുറം, എന്നിവിടങ്ങളില്‍ തടഞ്ഞു നിര്‍ത്തിയാണ് കടത്തി വിട്ടത്. പമ്പ ഭക്തരെ കൊണ്ട് നിറഞ്ഞതോടെ നിലയ്ക്കലില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞത്. പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞതോടെ ളാഹയ്ക്കും നിലയ്ക്കലിനും മധ്യേ വാഹനങ്ങള്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നിയന്ത്രണം വേണ്ടി വരുമെന്ന് എരുമേലി, വടശേരിക്കര എന്നിവിടങ്ങളിലും അറിയിച്ചിട്ടുണ്ട്.