നിസാമുദ്ദീനില്‍ നിന്നെത്തിയ 7 പേരടക്കം പത്തനംതിട്ടയില്‍ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വൈറസ് നിരീക്ഷണത്തില്‍ കഴിഞ്ഞ 75 പേരുടെ പരിശോധനാ ഫലവും നെഗറ്റിവ്. ഇതില്‍ ഏഴ് പേര്‍ നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
അതേസമയം പത്തനംതിട്ട പെരുന്നാട് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ആളുടെ പിതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് പിതാവ് മരണപ്പെടുന്നത്. കോവിഡ് ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്ബിളുകള്‍ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. കോവിഡ് 19ന്റെ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരിക്കും ഹെല്‍പ് ഡെസ്‌ക്കിന്റെ ചുമതല. മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച്‌ ഉള്‍പ്പെടുത്തും. ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഹെല്‍പ് ഡെസ്‌ക്കിന്റെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്തങ്ങള്‍ നല്‍കും. തുടക്കത്തില്‍ ഓഫീസ് സമയത്തും ആവശ്യമെങ്കില്‍ അധികസമയവും പ്രവര്‍ത്തിക്കുന്ന രീതിയിലാവും ഹെല്‍പ് ഡെസ്‌ക്ക് ഒരുക്കുക.

ഹെല്‍പ് ഡെസ്‌ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പുള്ള രണ്ട് ഫോണ്‍ നമ്ബറുകളുണ്ടാവും.
ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനത്തിന്റെ ഫീല്‍ഡ്തല ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ക്കാണ്. വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, സന്നദ്ധ ഗ്രൂപ്പുകള്‍ എന്നിവയിലൂടെ ഏകോപിപ്പിക്കും. ഓരോ വാര്‍ഡുതല സമിതിയിലും ഒരു സെല്‍ഫോണ്‍ കോവിഡുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനായി മാറ്റിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.