സമരക്കാരെ പിടിക്കാൻ സെക്രട്ടറിയേറ്റിന് ചുറ്റും നടപ്പാത നിർമിക്കുന്നു

തിരുവനന്തപുരം. നിരവധി സമരങ്ങൾക്ക് വേദിയാകുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ സമരക്കാരെ പിടിക്കാൻ പോലീസിന്റെ പുതിയ മാർ​ഗം. സമരക്കാർ സെക്രട്ടറിയേറ്റിലേക്ക് ചാടിയാൽ പിടിക്കാനായി സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്നു പോലീസിനു റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു.

ഡിജിപിയുടെ ശുപാർശയനുസരിച്ചാണ് നിർമാണം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സമരക്കാർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കുന്നുണ്ട്. നടപ്പാതയില്ലാത്തതിനാൽ പൊലീസിനു പലപ്പോഴും ഇതു തടയാൻ കഴിയുന്നില്ലെന്നായിരുന്നു ഡിജിപി സർക്കാരിനെ അറിയിച്ചത്.

ഇതേത്തുടർന്നാണ് സെക്രട്ടേറിയറ്റിനു ചുറ്റും നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന്റെ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്ന സമരക്കാരെ കണ്ടെത്തി പിടികൂടുന്നത് ബുദ്ധിമുട്ടാണ്. വലിയ സമരങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഇത് പോലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമാണത്തിന് ഡിജിപി ശുപാർശ ചെയ്തത്.