തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയാണ് എന്നെ തോൽ പ്പിച്ചത് – പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരാജയം ഏറ്റുവാങ്ങി പിസി ജോര്‍ജ്. കഴിഞ്ഞ 40 വര്‍ഷത്തെ പതിവിനാണ് പൂഞ്ഞാര്‍ ഇത്തവണ അവസാനമിട്ടിരിക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരെ നിന്നു. അതാണ് പരാജയത്തിന് കാരണമെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. മൂന്ന് മുന്നണിക്കെതിരെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി പറയുന്നതായി പിസി ജോര്‍ജ് പറഞ്ഞു. പരാജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പിസി ജോര്‍ജ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പതിമൂവായിരത്തോളം വോട്ടുകളുടെ ലീഡോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം.
ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണികള്‍ക്കെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം നല്‍കിയ പൂഞ്ഞാറിലെ ജനതയോടാണ്. ഇല്ലെങ്കില്‍ അത് നന്ദിയില്ലായ്മയായിരിക്കും. മൂന്ന് മുന്നണികള്‍ മാത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരെ നിന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിച്ച ജനങ്ങള്‍ക്ക് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും മതിയാകില്ലെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.