മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിസി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിസി ജോര്‍ജ്. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളതെന്നും പിസി ജോര്‍ജ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും താന്‍ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഓരോ ഫോണ്‍ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളും. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളത്. തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സര്‍ക്കാരിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും ഞാന്‍ ആവശ്യപ്പെട്ടതാണ്. പിന്നീട് ഹൈകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇന്ന് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിക്ക് തിരഞ്ഞെടുപ്പ് കാരണമാകുമെന്ന് തിരിച്ചറിയാന്‍ വലിയ ശാസ്ത്രജ്ഞനൊന്നുമാകേണ്ട കാര്യമില്ല സമ്മാന്യബുദ്ധി എന്നൊരു സാധനമുണ്ടായാല്‍മതി.

എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും, ആരോഗ്യവകുപ്പും, തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അനുകൂല വിധി നേടി. ജനന്മയെ കരുതി ഞാന്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ചര്‍ച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ് മനഃപൂര്‍വ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആര്‍ക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്ന് എനിക്കുറപ്പുണ്ട്. ഇന്നിപ്പോള്‍ മദ്രാസ് ഹൈകോടതി പറഞ്ഞത്‌പോലെ ”മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.