എല്‍ഡിഎഫിലെ എന്റെ ചാരന്മാരാണ് കെ എം മാണിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വഴിയൊരുക്കിയത്, പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

എല്‍ഡിഎഫിലെ തന്റെ ചാരന്മാരാണ് കെ എം മാണിയ്ക്ക് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കൃത്യമായ ഓപ്പറേഷനിലൂടെയാണ് ഇത് നടന്നതെന്നും, അന്ന് താനും, ഉമ്മന്‍ചാണ്ടി, മാണി, ചെന്നിത്തല എന്നവരും മാത്രമേ ഈ വിവരം അറിഞ്ഞിരുന്നുള്ളുവെന്നും പി സി ജോര്‍ജ് പറഞ്ഞു.

തലേന്ന് രാത്രി തന്നെ ആരുമറിയാതെ കറുത്ത കാറില്‍ മഫ്‌ലര്‍ തലയില്‍ കെട്ടി കെ എം മാണി നിയമസഭയില്‍ എത്തി. അന്ന് അവിടെ താമസിച്ചു. സി പി എം വലിയ ആസൂത്രണം നടത്തിയിരുന്നു. എന്നാല്‍ സി പി എമ്മിലും സിപിഐയിലും തനിക്ക് ചാരന്മാര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ആ ചാരന്മാര്‍ എന്ന് പി സി ജോര്‍ജ് വെളിപ്പെടുത്തിയിട്ടില്ല. അവരുടെ പേര് പറയാന്‍ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.