രാഷ്‌ട്രപതി അമൃതാനന്ദമയിയെ കണ്ടതിൽ എന്താണ് തെറ്റ് ; വിമർശിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്

അമൃതപുരിയിൽ എത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമു.

ക്രിസ്തുവിനേയും, കൃഷ്ണനേയും, നബിയേയും ആരാധിക്കുന്നവരേക്കാൾ അവരേ എതിർക്കുന്നവരുടെ എണ്ണമല്ലേ കൂടുതൽ. എന്നോർത്ത് ക്രിസ്തുവും കൃഷ്ണനും മുഹമദ്ദും പാടില്ല എന്നും രാഷ്ട്ര നേതാക്കൾ അവരെ ബഹുമാനിക്കുന്നത് തെറ്റാണ്‌ എന്നും ആരേലും പറയാറുണ്ടോ? ആ വിശ്വാസത്തിൽ ഉള്ള രാഷ്ട്ര നേതാക്കൾ ബഹുമാനിക്കുക മാത്രമല്ല അവരവരുടെ ദൈവങ്ങളേ ആരാധിക്കുകയും ചെയ്യും.
ഇത്രയുമേ ഉള്ളു അമൃതാനന്ദ മയിയെ കണ്ട രാഷ്ട്രപതിക്കെതിരേ ഉണ്ടാകുന്ന സൈബർ അറ്റാക്കുകളുടെ കാര്യവും.

മാതൃ ദേവോ ഭവ ,പിതൃദേവോ ഭവ ,അഥിതി ദേവോ ഭവ , ആചാര്യ ദേവോ ഭവ .ഇത് മനുസ്മ്രിതിയിലെ വാചകങ്ങളാണ് .ഇതിവിടെ പറയാൻ കാരണം കേരള സന്ദർശനത്തിനിടെ അമൃതാനന്ദമയിയെ സന്ദർശിക്കാൻ പോയ രാഷ്ട്രപതിയെ വിവാദങ്ങൾ കൊണ്ട് പൊതിയുകയാണ് പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളസമൂഹം. വിശ്വാസികളെ സംബന്ധിച്ചടുത്തോളം അമൃതാനന്ദമയി ഒരു ദൈവമാണ്,ചിലർക്ക് അമാനുഷിക കഴിവുകളുള്ള ഒരു അമ്മയാണ് ചിലർക്ക് സാമൂഹ്യ പരിഷ്കർത്താവാണ്. ഇനി മറ്റു ചിലർക്ക് പ്രവാചകനാണ്.

യുക്തിവാദികൾ പറയും ‘അമ്മ ആൾദൈവമാണ്.രാഷ്‌ട്രപതി അമൃതാനന്ദമയിയെ കണ്ടതിൽ എന്താണ് തെറ്റ്. ഹൈന്ദവ മതത്തിന്റെ ആചാര്യസ്ഥാനത്ത് നിൽക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ‘അമ്മ ബഹുമാന്യയാണ്.  അമ്മ ചെയുന്ന വിശ്വോത്തരമായ കാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പാണ് ലോക നേതാക്കന്മാരും വിശിഷ്ട വ്യക്തികളും അമ്മക്ക് നൽകുന്ന ബഹുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി മാതാ അമൃതാനന്ദമയീ മഠം പണി തീര്‍ത്ത ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മാതാ അമൃതാനന്ദമയീദേവിയുടെ മുന്‍പില്‍ തലകുനിച്ചതിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ പ്രചരിചിരുന്നു.

എന്നാല്‍ മോദി അമൃതാനന്ദമയിക്ക് മുന്‍പില്‍ മാത്രമല്ല, മോദിക്ക് മഹത്വമെന്നു തോന്നുന്ന എന്തിന് മുന്‍പിലും തലകുനിയ്ക്കും. ഭാരതത്തിലെ ആത്മീയ ആചാര്യന്മാരുടെ കാഴ്ചപ്പാടും നിർദ്ദേശങ്ങളും ഹിന്ദുസംഘടനാ പ്രവർത്തനങ്ങൾ കരുത്ത് പകരുന്നതോടൊപ്പം മാർഗ ദർശനവും നൽകുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ഉയർച്ചയ്ക്ക് ആചാര്യന്മാരുടെ സംഭാവനകൾ ആവശ്യമാണ്. അതിനാൽ തന്നെ മാതാ അമൃതാനന്ദമയീ അടക്കമുള്ളവർ ഹിന്ദുസംഘടനാ പ്രവർത്തനത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും. ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്ന ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ മാതൃക വ്യക്തമാക്കുന്ന ആത്മീയ ആചാര്യന്മാരെ സന്ദർശിക്കുകയും ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അമൃതാനന്ദമയിയുടെ വ്യത്യാസം അവർ നമുക്ക് സമകാലികയാണ് എന്നത് മാത്രമാണ്. സമൂഹത്തിൽ ഒരുപാട് സഹായങ്ങൾ അവർ ചെയ്തിട്ടുണ്ട്. ഒരു സർക്കാരും ഇന്ത്യയും അവരുടെ സഹായങ്ങൾ നിഷേധിച്ചിട്ടില്ല. അവർ പണം ഉണ്ടാക്കുന്നത് മിഷനറി പ്രവർത്തനത്തിലൂടെയും ഭക്തി യിലൂടെയും ആണ്. ഇന്ത്യൻ സംസ്കാരവും ഇവിടുത്തെ യോഗ പോലെയുള്ള വിദേശീയരെ ആകർഷിക്കാനുള്ള സംഗതികളും പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് മിഷനറിമാരാണ് ഓരോ രാജ്യങ്ങളിലും അമ്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ബ്രഹ്മകുമാരിസ്‌, ഹരേകൃഷ്ണ മിഷണറിമാർ, ആർട്ട് ഓഫ് ലിവിങ് മിഷനറിമാർ ഒക്കെ പോലെ അമൃതാനന്ദമയിയുടെ മിഷനറിമാരും പിന്നോക്ക രാജ്യങ്ങളിലേ ക്രൈസ്തവരെ പോലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ മതപരിവർത്തനവും മറ്റും നടത്തി വരുന്നവരാണ്.

ഐക്യരാഷ്ട്രസഭ അടക്കം ആദരിച്ച വ്യക്തിയാണ് അമ്മ. ഗാന്ധികിങ് പുരസ്കാരമൊക്കെ നേടിയിട്ടുണ്ട് ഇവർ. ഇന്ത്യയിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കളോ പ്രതിനിധികളോ ഇവരുടെ മുന്നിൽ തൊഴുതു നിന്ന് അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇവർ ലോകപ്രശസ്ത ആയതിനുശേഷം നമ്മുടെ രാഷ്ട്രപതിമാർ എല്ലാവരും ഇവരെ കണ്ടിട്ടുണ്ട്. രണ്ടു നൂറ്റാണ്ടും മുമ്പ് മരിച്ചു പോയിരുന്ന ഒരാളായിരുന്നു ഇവരെങ്കിൽ ഇവരുടെ വിഗ്രഹത്തിനു മുമ്പിൽ രാഷ്ട്രപതി തൊഴുതാൻ അതൊരു വലിയ വാർത്തയാകില്ല. കാരണം രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് കുരിശിലേറ്റപ്പെട്ട യേശു ഇപ്പോൾ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ദൈവമാണ്. ആൾദൈവമെന്ന് അദ്ദേഹത്തെ വിളിക്കാറില്ല. മറിച്ച് സമകാലികനായിരുന്നു യേശു എങ്കിൽ, അമൃതാനന്ദമയിയെപ്പോലെ നമ്മൾ അദ്ദേഹത്തെ വിമർശിച്ചേനേ.

ഏതൊരു വ്യക്തിക്ക് മേലെയും അമിതമായ ആരാധന പുലർത്തുന്നതും, അവരെ ദൈവ പരിവേഷം ചാർത്തി പൂജിക്കുന്നതും അവർ ദൈവത്തിന്റെ അംശം ആണെന്നും പ്രതിപുരുഷൻ ആണെന്നും പ്രവാചകനാണെന്നും ഒക്കെ ധരിക്കുന്നതും യുക്തിവാദിയെ സംബന്ധിച്ചടുത്തോളം ഒരുപോലെയാണ്. വിശ്വാസികൾക്ക് പക്ഷേ തങ്ങളുടെ താത്പര്യം അനുസരിച്ച് ചിലർ ആൾദൈവവും ചിലർ ശരിക്കുള്ള ദൈവവും ചിലർ ഉടായിപ്പും ചിലർ ശരിക്കുള്ള പ്രവാചകനും ഒക്കെ ആകുന്നു എന്ന് മാത്രം.

ദ്രൗപതി മുർമു ഇന്ത്യയുടെ പ്രസിഡണ്ട് ആണ്. ലോകം മുഴുവൻ ആരാധകരുള്ള ചിക്കൻപോയിൽ സർവ്വമത സമ്മേളനത്തിൽ ഹിന്ദു മതത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അമ്മയെന്ന ആത്മീയ നേതാവിനെ അവർ സന്ദർശിക്കുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. ദ്രൗപതിയെ സംബന്ധിച്ചിടുത്തോളം അവർക്ക് ബഹുസ്വരതയുള്ള ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളുടെ നേതാക്കളെയും ഒരുപോലെ കാണേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളോടും മമത പുലർത്തേണ്ടതുണ്ട്. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങൾ ഉള്ള വിദേശ രാജ്യങ്ങളുമായി മാന്യതയോടെ ഇടപഴകേണ്ടതുണ്ട്. ഇതിലൊക്കെ നമ്മൾ ഓരോരുത്തരുടെയും താൽപര്യങ്ങൾക്ക് അല്ല പ്രാധാന്യം. അവർ അവരുടെ കടമകളാണ് ചെയ്യുന്നത്.

ഇന്ത്യ ചൈന പോലെയോ ഉത്തര കൊറിയ പോലെയോ മതങ്ങളെ അടിച്ചമർത്തേണ്ട ഒരു രാജ്യം അല്ല. ഇവിടെ എല്ലാത്തരം മതവിശ്വാസങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടാവണം. അതോടൊപ്പം മതത്തിൽ വിശ്വസിക്കാതിരിക്കുന്നവർക്കും സമാനമായ പരിഗണനകൾ ലഭിക്കണം എന്ന് മാത്രം. ഇവിടെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ലഭിക്കണം. അതോടൊപ്പം മതങ്ങളെ വിമർശിക്കുവാനും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടരുത്.