വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ കേസ്; അനിതയ്ക്ക് കുരുക്കായി മോൻസനുമായുള്ള ഫോൺ സംഭാഷണം പുറത്ത്

വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ കേസ് പ്രതി മോൻസൻ മാവുങ്കലുമായി പ്രവാസി മലയാളയായ അനിത പുല്ലയിൽ നടത്തിയ ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് അനിതയ്ക്കു കുരുക്കായി സംഭാഷണം പുറത്തായിരിക്കുന്നത്. അനിതയുടെ അനുജത്തിയുടെ വിവാഹത്തിന് മോൻസൻ പതിനെട്ട് ലക്ഷം രൂപ നൽകിയതായി ഫോൺ സംഭാഷണത്തിൽ മോൻസൻ പറയുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് മോൻസൻ സംസാരിക്കുന്നത്.

അനിതയുടെ സഹോദരിയുടെ വിവാഹത്തിനായി മോൻസനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതിനായി പതിനെട്ട് ലക്ഷം രൂപ മോൻസൻ അനിതയ്‌ക്ക് നൽകി. ഒരു മാസത്തിനകം പണം യൂറോയായി തിരികെ നൽകാമെന്നാണ് അനിത മോൻസനോട് പറഞ്ഞത്. എന്നാൽ പണം തിരികെ ചോദിച്ചതിൽ അനിത അതൃപ്തി പ്രകടിപ്പിച്ചു. ഇത് ഇവർക്കിടയിൽ വിള്ളൽ സൃഷ്ടിക്കുകയും അനിതയ്‌ക്ക് മോൻസനോട് വൈരാഗ്യം തോന്നുകയും ചെയ്തു. പണം അനിതയ്‌ക്ക് കൈമാറിയതിന്റെ എല്ലാ രേഖകളും മോൻസന്റെ പക്കലുണ്ടെന്നും എല്ലാം വെളിപ്പെടുത്തിയാൽ അനിത കുടുങ്ങുമെന്നും ഫോൺ സംഭാഷണത്തിൽ മോൻസൻ പറയുന്നു.

അതിനിടെ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ അനിത പുല്ലയിലിന്റെ മൊഴിയെടുത്തിരുന്നു. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും, തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത അന്വേഷണ സംഘത്തിന് മൊഴി നൽകി. മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ പലതും അനിത അറിഞ്ഞു കൊണ്ടാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

എന്നാൽ അനിതയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് മോൻസന്റെ ഫോൺ സംഭാഷണം. അനുജത്തിയുടെ വിവാഹത്തിന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടത് മുതലാണ് ഇവർ പിരിഞ്ഞതെന്നാണ് മോൻസൻ പറയുന്നത്.