പത്രക്കാർ ചട്ടം ലംഘിച്ചെന്ന്, പിണറായി സർക്കാർ മാധ്യമങ്ങൾക്കെതിരെ വാളോങ്ങുന്നു.

 

തിരുവനന്തപുരം/ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്നു കേട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുന്നിൽ ദീർഘ ശ്വാസം വലിക്കുമ്പോൾ പിണറായി സർക്കാർ മാധ്യമങ്ങൾക്കെതിരെ തിരിയുന്നു. നിയമസഭാ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പത്രപ്രവർത്തകർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

നിയമസഭാ ദൃശ്യങ്ങൾ പ്രസ് ഗാലറിയിലിരുന്ന് പകര്‍ത്തി മാധ്യമങ്ങള്‍ ഉപയോഗിച്ചതിനെ പറ്റി അന്വേഷിച്ച് നടപടി എടുക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നു. നിയമസഭാ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചത് ഗൗരവകരമാണെന്നും അന്വേഷിച്ച് നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുതെന്നുമാണ് സ്പീക്കർ എം ബി രാജേഷ് പറഞ്ഞിരിക്കുന്നത്.

സഭയില്‍ കാസറ്റ്, ടേപ്പ് റിക്കോര്‍ഡര്‍, സെല്ലുലാര്‍ ഫോണ്‍, പേജര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. ഈ ചട്ടം ഇന്ന് ലംഘിക്കപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ ഉപയോഗിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമുണ്ടായി. ഇത് ചട്ടലംഘനമാണ്. പ്രസ് ഗാലറിയിലിരുന്ന് പകര്‍ത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞിരിക്കുന്നത്.

നിയമസഭയില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇത് രണ്ടു പക്ഷത്തുമുണ്ട്. ഭരണപക്ഷത്തെയോ, പ്രതിപക്ഷത്തെയോ ഒരു പ്രതിഷേധവും സഭാ ടി വി കാണിച്ചിട്ടില്ല. ഇതു മറച്ചുവെക്കുന്നതെന്തിനാണ്?. സഭ ടി വി എന്നത് സഭയിലെ നടപടിക്രമങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അത് ഏതുപക്ഷമെന്ന് നോക്കിയല്ല. പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ അതും സഭ ടി വിയിൽ കാണിക്കുമായിരുന്നു.

സഭാ ടിവിക്ക് ലോക്‌സഭ നടപടി ക്രമമാണ് മാതൃക. പെരുമാറ്റചട്ടം അനുസരിച്ച് സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പാടില്ല. അതുകൊണ്ട് തന്നെ സഭ ടിവിക്ക് അതു കാണിക്കാനാകില്ല. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമസമ്മര്‍ദ്ദത്തിന് വഴങ്ങില്ല. ഒരു സ്പീക്കര്‍ക്കും അതിന് കഴിയില്ല. സഭ ടി വി, സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ് – എംബി രാജേഷ് പറഞ്ഞു.

നിയമസഭയിൽ മാധ്യമ വിലക്ക് എന്ന പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ല. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുത്. സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.