സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നല്‍കി: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു. വാരണസി – കൊല്‍ക്കത്ത ജലപാത ഉദാഹരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂര്‍ത്തിയായ കാര്യം ഇക്കുറി അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ അധികാര തുടര്‍ച്ച നേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നല്‍കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വികസനകാര്യങ്ങളില്‍ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയെന്ന്’ പിണറായി വിജയന്‍ പറഞ്ഞു.

‘കേരളത്തിന്റെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വിശദമായി അതേക്കുറിച്ച്‌ അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി.