തലശ്ശേരി-മൈസൂര്‍ ഹൈവേ: പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: തലശ്ശേരി‐മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പെരുമ്പാടിമാക്കൂട്ടം റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഗതാഗതം സമ്പൂര്‍ണ്ണമായും നിരോധിച്ച നടപടി ഒഴിവാക്കി റോഡ് എത്രയും വേഗം പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് എച്ച് ഡി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. നിരോധനം മൂലം മാനന്തവാടിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ കേരളീയര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ഉത്തരകേരളത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്നിരുന്നെങ്കിലും അവ വളരെപ്പെട്ടന്ന് അറ്റകുറ്റപണി ചെയ്ത് ഗതാഗതയോഗ്യമാക്കുകയും കര്‍ണ്ണാടകത്തിലേയ്ക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളുകയുമാണ് കേരളം ചെയ്തത്.

കര്‍ണ്ണാടകയുമായി ബന്ധപ്പെടുന്ന ഒരു റോഡിലും ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു ഉത്തരവിലൂടെ പെരുമ്പാടിമാക്കൂട്ടം റോഡില്‍ ഗതാഗതം ഒരുമാസത്തേയ്ക്ക് നിരോധിക്കുകയും വാഹനങ്ങള്‍ മാനന്തവാടിതോല്‍പ്പട്ടികുട്ടമൈസൂര്‍ റോഡുവഴി തിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.