എല്‍ഡിഎഫിനെ കരിവാരിത്തേക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചു; ഈ വിജയം മറുപടിയെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ ആകെ കരിവാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചുകാട്ടുകയുമാണ് ഇത്തരക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാക്കഥകള്‍ മെനയുക, ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തയാറാകുക ഇത്തരത്തില്‍ വലിയ തോതില്‍ ഒരുകൂട്ടം വലതുപക്ഷ മാധ്യമങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

അത്തരം മാധ്യമങ്ങള്‍ എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഈ വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതില്‍ സാക്ഷരതയുള്ള സംസ്ഥാനമാണ്. നല്ലതുപോലെ എല്ലാ മാധ്യമങ്ങളേയും ശ്രദ്ധിക്കുന്നവരുമാണ്. എന്നാല്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് ഈ സംസ്ഥാനത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചിലര്‍ പ്രവര്‍ത്തിച്ചത്. അവര്‍ കാണേണ്ടത് അവര്‍ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളന്മാര്‍ അല്ല എന്നതാണ്.- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

”കെട്ടി ചമയ്ക്കുന്ന കാര്യങ്ങൾ, എന്താണതിന്റെ ഉദ്ദേശം?, ഇതൊന്നും ജനങ്ങൾ അംഗീകരിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങൾ ആഗ്രഹിക്കുന്ന ഇടത്തേക്ക് ജനങ്ങളുടെ വിരലുകൾക്കൊണ്ട് എത്തിക്കാം എന്ന് കരുതരുത്. ദുരന്തമുഖത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനല്ല, ജനങ്ങളുടെ മനോവീര്യം തകർക്കാനുള്ള ശ്രമമല്ല നടത്തേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതിന് വിവിധ രംഗങ്ങളിൽ മാറ്റം ഉണ്ടാവണം. ഒന്നായി ചേർന്ന് ഒരുമിച്ച് മുന്നോട് പോകണം. വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാക്കി മാറ്റും. നന്മയുടെയും മൂല്യ ബോധത്തിന്റെയും വിജയമാണ് ഇത്. അധികാര മത്തിൽ കാലിടറാതെ, വിനയാന്വതരായി ജനപക്ഷത്ത് നിന്ന് കൂടുതൽ കാര്യങ്ങൾ നിർവേറ്റാൻ ശ്രമിക്കുയാണ് ചെയ്തത്. അങ്ങനെ തന്നെ മുന്നോട്ട് പോകും. കല്പിത കഥകളുമായി കരുതിക്കൂടി ആക്രമിക്കാൻ തുനിഞ്ഞ് ഇറങ്ങിയവർ ഈ വിജയത്തിൽ നിരാശരായിരിക്കും. വിജയത്തിനായി പ്രവർത്തിച്ച പ്രസ്ഥാനങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുകയാണ്.

വിശ്വാസികൾ സർക്കാറിന് എതിരെ എന്ന് പ്രചാരണം ജനം മനസിലാക്കി. എതെങ്കിലും ഒരു നേതാവ് രാവിലെ വോട്ട് ചെയ്ത് സർക്കാറിന് എതിരെ പറഞ്ഞാൽ ആ വിഭാഗത്തിൽ പെട്ടവരല്ലാം അതുപോലെ വോട്ട് ചെയ്യില്ല. വരും കാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുണ്ട് പലകയാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു.