ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ,.. പി കെ അബ്ദുറബ്ബ്

വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റിച്ചത്.

ഒൻപതിനായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്ന് വായിക്കേണ്ടതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്നാണ് മന്ത്രി വായിച്ചത്. ഇതിന്റെ വീഡിയോ അടക്കം പ്രചരിപ്പിച്ചായിരുന്നു ട്രോളുകൾ. പിന്നാലെ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തന്നെ ട്രോളുമായി ഫേസ്ബുക്കിൽ രംഗത്തെത്തി.

സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം അബ്ദുറബ്ബ് കുറിച്ചത് ഇങ്ങനെ- മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…