സത്യം തെളിഞ്ഞ സ്ഥിതിക്ക് ജലീല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്കു പാലിക്കുമോയെന്ന പി കെ ഫിറോസ്

ഹൈക്കോടതി വിധി എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് കെടി ജലീല്‍ നേരത്തെ രാജിവച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് ജലീലിനും മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും ഏറ്റ തിരിച്ചടിയെന്നും പികെ ഫിറോസ് പറഞ്ഞു. ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് യഥാര്‍ഥ വസ്തുതകള്‍ തുറന്ന് പറയണം. തെറ്റ് ചെയ്‌തെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ ജലീലില്‍ വാക്ക് പാലിക്കാന്‍ തയ്യാറുണ്ടോയെന്നും പികെ ഫിറോസ് കോഴിക്കോട് ചോദിച്ചു.

വിധി സ്വാഗതാര്‍ഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നടന്ന ബന്ധു നിയമനങ്ങള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു.