പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

കോവിഡ് വാക്സിന്റെ രാജ്യവ്യാപകമായ രണ്ടാംഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വാക്സിന്‍ സ്വീകരിക്കുമെന്നു സൂചന. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അന്‍പതു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ധാരണയായതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.

രാജ്യത്ത് ജനുവരി 16നാണ് കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രിയും മറ്റും വാക്സിന്‍ സ്വീകരിച്ചു ജനങ്ങളില്‍ ആത്മവിശ്വാസം ഉയര്‍ത്തണമെന്ന നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിരാകരിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പിന്റെ നല്ലവശങ്ങള്‍ ആളുകളിലെത്തിക്കാന്‍ വന്‍ പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ നടത്തും. വാക്സിന്‍ കുത്തിവയ്പില്‍, ഭിന്നശേഷിക്കാരെയും മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം സംഘടനകള്‍ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തുറന്ന കത്തെഴുതി.

രാജ്യത്തു കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി കഴിഞ്ഞദിവസം നടന്ന കുത്തിവയ്പില്‍ 1.12 ലക്ഷം പേര്‍ കൂടി വാക്സിനെടുത്തു. കേരളത്തില്‍ കഴിഞ്ഞദിവസം കോവിഡ് വാക്സിന്‍ കുത്തിവയ്പ് ഉണ്ടായിരുന്നില്ല. കോവി ഷീല്‍ഡിന്റെ ഘടക പദാര്‍ഥങ്ങളോടു ഗുരുതര അലര്‍ജിയുള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുതെന്ന് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചു. ആദ്യ ഡോസില്‍ അലര്‍ജി അനുഭവപ്പെട്ടാല്‍ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സിനെടുക്കുന്നതിനു മുന്‍പ്, നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയിക്കുകയും വേണം, പ്രത്യേകിച്ചു ഗുരുതര അലര്‍ജികള്‍.