പ്രതിവര്‍ഷം 6000 രൂപ എല്ലാ കര്‍ഷകര്‍ക്കും: മോദിയുടെ ആദ്യമന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം ഇനി രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും. പ്രതിവര്‍ഷം രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ധനസഹായം നല്‍കാനാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കര്‍ഷകര്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരാകും നരേന്ദ്രമോദിയുടേതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. രണ്ട് ഹെക്റ്റര്‍ വരെ ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് ഇടക്കാല ബജറ്റില്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

അന്ന് ആദ്യത്തെ ഗഡു എല്ലാ കര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുകയും ചെയ്തു. ഈ പദ്ധതി ഭൂരഹിതരായ കര്‍ഷകരുള്‍പ്പടെ എല്ലാവരിലേക്കും വ്യാപിപ്പിക്കുമ്പോള്‍ ജനപ്രിയ പദ്ധതികളിലൂന്നിയാകും രണ്ടാം മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്ന സൂചനകളാണ് ലഭിക്കുന്നത്.

പ്രധാനമന്ത്രി കാര്‍ഷികരംഗത്തിന് കൃത്യമായ ഊന്നല്‍ നല്‍കുമെന്നും നരേന്ദ്ര സിങ് തോമര്‍ . 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിനായി പ്രവര്‍ത്തിക്കും. അര്‍ഹരായ കര്‍ഷകരുടെ പട്ടിക പല സംസ്ഥാനങ്ങളും നല്‍കിയില്ല. പക്ഷേ, മൂന്ന് കോടിയിലധികം കര്‍ഷകര്‍ക്ക് ഇതുവരെ ഈ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ഈ സഹായം എത്തണമെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാല്‍ ഇനി എല്ലാ കര്‍ഷകര്‍ക്കും ഈ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.