പ്രധാനമന്ത്രി സന്ദര്‍ശിച്ചത് രണ്ട് രാജ്യങ്ങള്‍, ലക്ഷ്യം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരെ ഒരുമിച്ചിട്ടുള്ള പോരാട്ടം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യ വിദേശ യാത്രയിലൂടെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുകയും ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരു ശക്തി രൂപപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശ്യവും നടപ്പിലാക്കി. പ്രധാനമന്ത്രിപദം ഉറപ്പാക്കിയ ശേഷം നരേന്ദ്ര മോദി ആദ്യം എത്തിയത് കേരളത്തിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുതു. ആറ് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കപ്പുറം 2021 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കുക എന്ന പ്രവര്‍ത്തന യജ്ഞത്തിനാണ് നരേന്ദ്ര മോദി തുടക്കം കുറിച്ചത്.

കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയും ഏറെ ശ്രദ്ധേയമാണ്. മാലി ദ്വീപും ശ്രീലങ്കയുമാണ് മോദി സന്ദര്‍ശിച്ചത്. ചൈനയും പാകിസ്ഥാനുമടക്കം ഇടപെടല്‍ നടത്തിയിരുന്ന രാഷ്ട്രങ്ങളെ ഭാരതത്തിനൊപ്പം നിര്‍ത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിന്റെ തുടര്‍ച്ച കൂടിയായിരുന്നു ഈ സന്ദര്‍ശനം.

മാലി ദ്വീപിന്റെ വികസനത്തിന് സഹായം പ്രഖ്യാപിച്ചതിനൊപ്പം സമുദ്ര നിരീക്ഷണത്തിനുള്ള റഡാര്‍ സംവിധാനമടക്കം ഇന്ത്യന്‍ തീരത്തും സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളും മാലിദ്വീപില്‍ നടപ്പിലാക്കി. തീവ്രവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് മാലിദ്വീപ് പാര്‍ലമെന്റില്‍ സംസാരിക്കവെ മോദി ആവശ്യപ്പെട്ടു..

പിന്നീട് ശ്രീലങ്കയില്‍ ഐഎസ് ആക്രമണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കവെ ശ്രീലങ്ക ഈ അപകടത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇന്ത്യയുടെ എല്ലാ പിന്തുണയും ശ്രീലങ്കന്‍ ജനതക്കുണ്ടാകുമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. അതുകൊണ്ട് തന്നെ തീവ്രവാദത്തിന് താവളമൊരുക്കുന്ന പാകിസ്ഥാനുമായി യാതൊരു വിധ ചര്‍ച്ചക്കുമില്ലെന്ന് ഭാരതം വ്യക്തമാക്കുമ്പോള്‍ മാലിദ്വീപും ശ്രീലങ്കയുമുള്‍പ്പടെയുള്ള രാജ്യങ്ങളെ ചേര്‍ത്തുപിടിച്ച് തീവ്രവാദത്തിനെതിരെ ഒരു ശക്തി രൂപപ്പെടുത്തുക എന്ന സന്ദേശം തന്നെയായിരുന്നു നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തില്‍ വ്യക്തമായത്.