പുതിയ പാർലമെന്റ് മന്ദിരം 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകം , ജനം സാക്ഷ്യം വഹിക്കാൻ പോകുന്നത് സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിനെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമാണ് പാർലമെന്റിൽ സ്ഥാപിച്ചിട്ടുള്ള ചെങ്കോൽ. നീണ്ടു നിന്ന വിദേശ ഭരണം ഭാരതിയരിൽ നിന്നും അഭിമാനം അപഹരിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് ആ കൊളോണിയൽ ചിന്താഗതിയെ ഭാരതം ഉപേക്ഷിച്ചുവെന്നും പുതിയ പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചോള സാമ്രാജ്യത്തിൽ ചെങ്കോൽ കർത്തവ്യ നിർവഹണത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി. പാർലമെന്റ് നടപടികൾക്ക് ചെങ്കോൽ സാക്ഷിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ ലോകവും മുന്നോട്ട് നീങ്ങും. ഈ പുതിയ പാർലമെന്റ് ഇന്ത്യയുടെ വികസനത്തിലേയ്‌ക്ക് നയിക്കും.

ഇന്ത്യ ലോകത്തെ വികസനത്തിലേയ്‌ക്ക് നയിക്കും. ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും. അടിമത്തത്തിൽ ഭാരതത്തിന് പലതും നഷ്ടമായി. ഇന്ന് ഭാരതം പുതിയ ഒരു യാത്രയിലാണ്. നിരവധി വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടുള്ള യാത്രയാണിത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് നാം കാലെടുത്തു വച്ചു. നീണ്ടു നിന്ന വിദേശ ഭരണം നമ്മുടെ അഭിമാനം അപഹരിച്ചിരുന്നു. എന്നാൽ, ഇന്ന് ആ കൊളോണിയൽ ചിന്താഗതിയെ ഇന്ത്യ ഉപേക്ഷിച്ചിക്കുകയാണ്.

25 വർഷത്തെ അമൃത് കാലം നമുക്കുണ്ട്. ഈ 25 വർഷത്തിനുള്ളിൽ നമ്മൾ ഒരുമിച്ച് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റണം. പഞ്ചായത്ത് ഭവൻ മുതൽ സൻസദ് ഭവൻ വരെ നാടിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണം. പാർലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവർക്ക് വീടും ശുചിമുറിയും നിർമിച്ചതിലും സന്തോഷമുണ്ട്. വരും വർഷങ്ങളിൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.