വികസനത്തിന്റെ കാര്യത്തില്‍ യുപി തന്നെ മുന്നിലെന്ന് പ്രധാനമന്ത്രി; ഇരട്ട എഞ്ചിനോടെ ഇരട്ടി സ്പീഡിലാണ് പ്രവര്‍ത്തനമെന്നും മോദി

വികസനത്തിന്റെ കാര്യത്തില്‍ യുപി തന്നെ മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഉദ്ദേശത്തില്‍ നല്ല രീതിയില്‍ വരണമെന്ന് വിചാരിച്ചാണ് ഒരു കാര്യം ചെയ്യുന്നതെങ്കില്‍ ഒരു ദുരന്തത്തിനും അതിനെ തടസ്സപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും വികസനത്തിന്റെ കാര്യത്തില്‍ ഇരട്ട എഞ്ചിനോട് കൂടി ഇരട്ടി സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇവിടെ അഞ്ച് വര്‍ഷം മുന്‍പ് എയിംസിന് തറക്കല്ലിടാനും ഫെര്‍ട്ടിലൈസര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യാനുമായി എത്തിയിരുന്നു. ഇന്ന് ഇത് രണ്ടും ഒരുമിച്ച് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം നിങ്ങളാണ് എനിക്ക് നല്‍കിയത്. ഐസിഎംആറിന്റെ റീജിയണല്‍ റിസര്‍ച്ച് സെന്ററിനും ഇന്ന് പുതിയ കെട്ടിടം ലഭിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളേയും അഭിനന്ദിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

ഗൊരഖ്പൂരില്‍ 9600 കോടിയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗൊരഖ്പൂര്‍ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ്, എയിംസ്, ഐസിഎംആര്‍-റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്തു. ഗൊരഖ്പൂരില്‍ നടക്കാനിരിക്കുന്ന വികസനപദ്ധതികളുടെ രൂപരേഖയും അദ്ദേഹം വിശകലനം ചെയ്തു.