മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഞ്ചാബിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച പ്രധാനമന്ത്രി ചരണ്‍ജീതിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്. ‘പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരണ്‍ജീത് സിംഗിന് അഭിനന്ദനങ്ങള്‍. പഞ്ചാബിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാവിലെയാണ് 16ാമത് മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഓം പ്രകാശ് സോണി, സുഖ്ജീന്ദര്‍ രണ്‍ദാവെ എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജീത്. ചാംകൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരന്‍ കൂടിയാണ് ചരണ്‍ജീത് സിംഗ് ചന്നി.