പുതിയ പാർലമെൻറ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡൽഹിയിൽ ആരംഭിച്ചു. ഹോമത്തിനും പൂജയ്ക്കും ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. തുടർന്ന് സർവമത പ്രാർഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർലയും പൂജയിൽ പങ്കെടുത്തു. തുടർന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പാർലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചത്. ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് ചെങ്കോൽ സമർപ്പിച്ചിരുന്നെന്നാണ് കേന്ദ്രസർക്കാർ വാദം.

പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് പാർലമെൻറ് കെട്ടിടത്തിൻറെ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർഥന നടന്നത്.

ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിക്കുക. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻ.ഡി.എ. സഖ്യകക്ഷികളടക്കം 25 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസുൾപ്പെടെ പ്രധാനപ്പെട്ട 21 പ്രതിപക്ഷപാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങിൽ വായിക്കും.