കണ്ണൂരില്‍ കുഞ്ഞിനെ മര്‍ദിച്ച സംഭവം; രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂരില്‍ കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരുടെ അറസ്റ്റാണ് കേളകം പൊലീസ് രേഖപ്പെടുത്തിയത്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് പൊലീസ് നടപടി. രതീഷിനും രമ്യക്കും എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്.

ഇന്നുച്ചോടെയാണ് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അമ്മയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തത്. മര്‍ദിച്ചതിന് കൂട്ടു നിന്നെന്നാണ് അമ്മയ്ക്ക് എതിരേയുള്ള ആരോപണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുഞ്ഞ് മര്‍ദനത്തിന് ഇരയായിരുന്നു. ഇത് മറച്ചുവച്ചതിനാണ് അമ്മയ്ക്ക് എതിരേയുള്ള ആരോപണം.

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം നടന്നത്. രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരുക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. മൂന്നാഴ്ച മുന്‍പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.

ഒരു മാസം മുമ്പാണ് രതീഷ് രമ്യയെ വിവാഹം കഴിക്കുന്നത്. രമ്യയുടെ ആദ്യ വിവാഹത്തിലെ മൂന്ന് കുട്ടികളില്‍ ഏറ്റവും ഇളയകുട്ടിയായ ഒരു വയസുകാരിയാണ് ഇപ്പോള്‍ മര്‍ദനത്തിനിരയായത്. കുട്ടിയെ അമ്മയ്ക്കൊപ്പം കൂട്ടിയതില്‍ രതീഷിന് വലിയ വിരോധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞ് മൂത്രമൊഴിക്കുന്നു എന്നത് പോലെയുള്ള ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കുമെന്നായിരുന്നു കുട്ടിയുടെ മുത്തശി നല്‍കിയ മൊഴി.

കുഞ്ഞിന് പാല്‍ നല്‍കാന്‍ പോലും അനുവദിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിന് മര്‍ദനമേറ്റ വിവരം കുട്ടിയുടെ മുത്തശി അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് കുഞ്ഞിനെ പേരാവൂര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് കുഞ്ഞിന്റെ കൈയുടെ എല്ലിന് പൊട്ടലുണ്ടെന്ന കാര്യം പുറത്തറിയുന്നത്. കുഞ്ഞിന്റെ മുഖത്തും പുറത്തും മര്‍ദനമേറ്റ പരിക്കുകളുണ്ട്. കുഞ്ഞിന്റെ ചുണ്ട് മര്‍ദനമേറ്റ് പൊട്ടിയിരുന്നു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.