പിറകെ പോലീസ്, വസ്ത്രം മാറ്റി ഷർട്ടും പാന്റും ധരിച്ച് മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ട് അമൃത്പാൽ സിംഗ്

ന്യൂ ഡൽഹി . തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായ വാരിസ് പഞ്ചാബ് ഡി തലവനും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിംഗ് സഹായികൾക്കൊപ്പം ബൈക്കിൽ രക്ഷപ്പെടുന്ന ചിത്രങ്ങൾ പുറത്ത്. നാലു ചുറ്റും വലവിരിച്ച് പഞ്ചാബ് പോലീസ് കാത്തിരിക്കുമ്പോഴാണ് അമൃത്പാൽ രക്ഷപ്പെട്ടതെന്ന് ഒരു ദേശീയ മാധ്യമം തങ്ങൾക്ക് ലഭിച്ച ഒരു എക്സ്ക്ലൂസീവ് ഫോട്ടോ പുറത്ത് വിട്ടു. ഖാലിസ്ഥാൻ നേതാവ് പിങ്ക് തലപ്പാവ് ധരിച്ച് മുഖം മറച്ച് രക്ഷപ്പെടുന്നതായിട്ടാണ് ഫോട്ടോയിൽ ഉള്ളത്. അമൃത്പാൽ നാഗൽ വസ്ത്രം മാറ്റി ഷർട്ടും പാന്റും ധരിച്ച് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.

അമൃത്പാൽ സിംഗിന്റെ വസ്ത്രങ്ങളും ഉപേക്ഷിച്ച കാറും തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇയാൾ സംസ്ഥാന അതിർത്തി കടന്നിരിക്കാമെന്ന് നിഗമനത്തിലാണ് പഞ്ചാബ് പോലീസ് ഇപ്പോൾ. മെഴ്‌സിഡസിൽ നിന്ന് ഇറങ്ങി ബ്രെസ്സയിൽ ഷാക്കോട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഇതിടെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അമൃത്പാൽ വസ്ത്രം മാറ്റി സഹായിയുടെ മോട്ടോർ ബൈക്കിൽ പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്.

അമൃത്പാൽ സിംഗും അനുയായികളും ചേർന്ന് തന്റെ സഹായികളിലൊരാളെ മോചിപ്പിക്കുന്നതിനായി ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ഒരു മാസത്തിന് ശേഷമാണ് പോലീസ് അമൃത്പാലിനെതിരെ അന്വേഷണം ശക്തമാക്കുന്നത്. ഇതിനിടെ അമൃത്പാലിന്റെ 100ൽ അധികം അനുയായികൾ അറസ്‌റ്റിലാവുകയും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ഉണ്ടായി. അമൃതപാൽ സിംഗ് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങളും, ഗുരുദ്വാരയും മറയാക്കി ആയുധങ്ങൾ ശേഖരിക്കുകയും യുവാക്കളെ ചാവേർ ആക്രമണത്തിന് സജ്ജമാക്കുകയുമായിരുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.