മോഡൽ ഷഹാനയുടെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; സജാദിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഷഹാനയും ഭർത്താവ് സജാദും താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയായി. ഷഹാനയുടേത് തൂങ്ങി മരണം തന്നെയാണോ എന്നുറപ്പിക്കാനായിരുന്നു പരിശോധന. പറമ്പിൽ ബസാറിലെ ഈ വാടക വീട്ടിലാണ് ഷഹാനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാനയുടേത് തൂങ്ങി മരണം തന്നെയെന്നാണ് പ്രാഥമിക നിഗമനം.

മരണം ആത്മഹത്യയാണോ എന്നത് സ്ഥിരീകരിക്കാനാണ് ഫോറൻസിക് സംഘം പരിശോധന നടത്തിയത്. തൂങ്ങി മരിക്കാൻ ഷഹാന ഉപയോഗിച്ച കയർ പര്യാപ്തമാണെന്നും പരിശോധനയിൽ കണ്ടെത്തി. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസിപി കെ സുദർശനൻ പറഞ്ഞു.

വെയിങ് മെഷീനും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വാടക വീട്ടിൽ നിന്ന് കിട്ടി. ഷഹാന മരിച്ച ദിവസം സജാദുമായി വഴക്കിട്ടിരുന്നു. സജാദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഉടൻ അപേക്ഷ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.