പോൺസൈറ്റുകളിൽ നിന്ന് വിവാദരം​ഗങ്ങൾ 2014ൽ നീക്കിയെന്ന് പോലീസ്, ഇല്ലെന്ന് സോന

പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യുട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചെന്ന ​ഗുരുതര ആരോപണം ഉയർത്തി കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനിയായ സോന എബ്രഹാം ഫേസ്ബുക്ക് വഴി ​ഗുരുതര ആരോപണം ഉയർത്തിയത്. സോനയുടെ ആരോപണം കേരളം ചർച്ചയാക്കിയതിന് പിന്നാലെ വിശദീകരണവുമായി കേരള പോലീസ്. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നേരത്തെ പൂർത്തിയായതാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നാണ് സോന എം. എബ്രഹാം വെളിപ്പെടുത്തിയിരുന്നത്. വിഡിയോ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു.

2014 ഫെബ്രുവരി രണ്ടിനാണ് പെൺകുട്ടിയുടെ പരാതി മുളന്തുരുത്തി സ്റ്റേഷനിൽ ലഭിക്കുന്നത്. എന്നാൽ, പെൺകുട്ടി പറയുന്ന രംഗങ്ങള്‍ 2014ൽതന്നെ യുട്യൂബിൽനിന്ന് നീക്കം ചെയ്തതാണെന്നു പൊലീസ് അറിയിച്ചു. പിന്നീട് എറണാകുളം റൂറൽ സൈബർ സെല്ലിനു കൈമാറി. അവർ പെൺകുട്ടി ആരോപിച്ച ദൃശ്യങ്ങള്‍ യുട്യൂബിന്റെ സഹായത്തോടെ നീക്കം ചെയ്തു. 2014 ഫെബ്രുവരി 26ന്, ദൃശ്യങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടി പൊലീസിനു രേഖാമൂലം എഴുതി നൽകി. ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയെന്ന പെൺകുട്ടിയുടെ വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു. ഇത്രയും വർഷങ്ങൾക്കുശേഷം പെൺകുട്ടി ആരോപണവുമായി എത്തിയ സാഹചര്യം പൊലീസ് പരിശോധിക്കും.

അതേസമയം 2014ല്‍ തന്നെ ഫോര്‍ സെയില്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തു എന്ന് പറയുന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് സോന അബ്രഹാം പറയുന്നു. ചിത്രത്തിലെ രംഗങ്ങള്‍ യൂട്യൂബില്‍നിന്ന് 2014ല്‍ തന്നെ നീക്കം ചെയ്‌തെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വാസ്തവമല്ലെന്നും രംഗങ്ങള്‍ നീക്കം ചെയ്തതായി പൊലീസിന് രേഖാമൂലം എഴുതി നല്‍കിയിട്ടില്ലെന്നും മൊഴി നല്‍കിയിട്ടില്ലെന്നുമാണ് നിയമവിദ്യാര്‍ഥിനി കൂടിയായ സോന എബ്രഹാം ഒരു പ്രമുഖ മാധ്യമത്തോടായി പറഞ്ഞത്.

2013ല്‍ റിലീസായ ചിത്രത്തിലെ ചില രംഗങ്ങള്‍ 2014ലാണ് വിവിധ പോണ്‍സൈറ്റുകളിലും യൂട്യൂബിലും പ്രചരിക്കാന്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അന്നത്തെ എഡിജിപിക്ക് ഒരു പരാതിയും നല്‍കിയിരുന്നുവെന്നാണ് സോന പറയുന്നത്. എന്നാല്‍ ചിത്രത്തിലെ രംഗങ്ങള്‍ അപ്പോഴും പ്രചരിക്കുന്നുണ്ടായിരുന്നു. വീഡിയോകള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് പാകിസ്താനിലെ ഐപി അഡ്രസില്‍ നിന്നും ആണെന്ന് പൊലീസുകാര്‍ പറഞ്ഞിരുന്നു. ശേഷം കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതുകൊണ്ടാണ് രംഗങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് എന്നും സോന വ്യക്തമാക്കി.

കഴിഞ്ഞദിവസത്തെ വാര്‍ത്തകളും ഫെയ്‌സ്ബുക്ക് ലൈവും ശ്രദ്ധയില്‍പ്പെട്ട് ഹൈടെക്ക് സെല്ലില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകള്‍ ഹെടെക്ക് സെല്ലില്‍നിന്ന് ആവശ്യപ്പെട്ടു എന്നും സോന പറഞ്ഞു.