ക്ഷേത്രത്തില്‍ നിന്നും വാളും ശൂലവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം. ഏപ്രില്‍ 27ന് അരുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും വാളും ശൂലവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരുമാനൂര്‍ കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷിനെയാണ് പൂവാര്‍ പോലീസ് പിടികൂടതിയത്. അരുമാനൂരിലെ പഞ്ചമി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതിനാണ് ഇയാള്‍ പിടിയിലായത്.

ക്ഷേത്രത്തിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.