സംസ്ഥാനത്ത് ​ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിച്ച് പോലീസ്; നിരവധി പേർ പിടിയിൽ

തിരുവനന്തപുരം. ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടി സ്വീകരിച്ച് പോലീസ്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷൻ ആഗിന്റെ ഭാഗമായാണ് നടപടി. തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകൾക്കെതിരെ പോലീസ് നടപടിയെടുത്തു.

തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ 113 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമെ തിരുവനന്തപുരം റൂറലിലും 184 പേർ പോലീസ് പിടിയിൽ. കൊച്ചിയിൽ 49 പേർക്കെതിരെ പോലീസ് നടപടിയെടുത്തതായാണ് വിവരം. കോഴിക്കോട് നഗരപരിധിയിൽ മാത്രം 18 വാറണ്ട് പ്രതികളടക്കം 85 ഗുണ്ടകളെ അറസ്റ്റ് ചെയ്തു.

കോട്ടയം ജില്ലയിൽ കാപ്പ ചുമത്തി നാട് കടത്തപ്പെട്ട അഞ്ച് പേരുൾപ്പെടെ നൂറിലേറെ പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. സമാനമായി പാലക്കാടും 137 പേരെ പോലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ റൂറലിൽ 92 പേരെ തരുതൽ തടങ്കലിലാക്കി. പത്തനംത്തിട്ടയിൽ 81 ഉം കാസർകോട് 85 ഉം പേർക്കെതിരെ പോലീസ് നടപടിയെടുത്തു.

വരുംദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്കും പോലീസ് നടപടി വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.