പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം, യുവാക്കൾ അറസ്റ്റിൽ

കോട്ടയം : പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ സ്വദേശികളായ പനന്തോട്ടത്തിൽ അനന്തു തങ്കച്ചൻ (23), വെള്ളംകുന്നേൽ ആദർശ് സുരേന്ദ്രൻ (24), വലവൂർ സ്വദേശി മാന്തോട്ടത്തിൽ അനന്തു (20) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷം തടയുന്നതിനിടയിൽ ആണ് യുവാക്കൾ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

ഉഴവൂർ ടൗൺ ഭാഗത്ത് വച്ച് സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് ഇവരെ പിന്തിരിപ്പിക്കുന്നതിനിടയിൽ പ്രതികൾ മൂവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്.

ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഒ. നോബിൾ പി.ജെ യുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.