പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ.

തൃശൂർ.പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാലടി സ്റ്റഷനിലെ പോലീസ് ഉദ്യോഗസ്ഥൻ സിയാദിനെതിരെയാണ് നടപടി. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഹർത്താൽ അക്രമക്കേ സിൽ ഭീകരർക്ക് സഹായം ചെയ്ത് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നുണ്ട്

സിയാദിനെതിരെയുള്ള നടപടി സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ്. നേരത്തെ 873 ഉദ്യോഗസ്ഥർക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന എൻഐഎ റിപ്പോർട്ട് പോലീസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിയാദിനെ സസ്‌പെൻഡ് ചെയ്യുന്നത്.

പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പോലീസുമാർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില സജീവ കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ തന്നെയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ അനസ് പി കെ എന്ന സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്.