പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ശ്രമം, മലപ്പുറത്ത് 2 പോലീസുകാര്‍ അറസ്റ്റില്‍

പിടികൂടിയ ലഹരി വസ്തുക്കൾ മറിച്ചു വിറ്റ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ അറസ്റ്റിലായി. പിടിച്ചെടുത്ത ഹാൻസ് അടക്കമുള്ള വസ്തുക്കളാണ് പൊലീസുകാർ മറിച്ച് വിറ്റത്. കോട്ടക്കൽ സ്റ്റേഷനിലെ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .രണ്ട് പേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏതാനും മാസം മുൻപായിരുന്നു 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങൾക്കിടെ വാഹനം വിട്ടുനൽകുകയും ചെയ്തു. അതോടൊപ്പം പിടിച്ചെടുത്ത ഹാൻസ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാൻസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാൻസ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാർ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

മഹീന്ദ്ര മാക്‌സിമ വാഹനവും പിടിച്ചെടുത്ത കേസില്‍ നാസര്‍, അഷറഫ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. പിടിച്ചെടുത്തവയില്‍ 1600 പാക്കറ്റ് ഹാന്‍സും ഉണ്ടായിരുന്നു. ഈ മാസം 9ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കണമെന്നും പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങള്‍ നശിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് റഷീദ് എന്നയാള്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരും റഷീദും തമ്മിലുള്ള ഫോണ്‍ സംഭാഷണമടക്കം ഉള്‍പ്പെടുത്തി കേസിലെ പ്രതികള്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.