മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ, ലോക്ക് ഡൗണ്‍ കാലത്തെ അനുഭവ കുറിപ്പുമായി പോലീസ് ഉദ്യോഗസ്ഥന്‍

കോവിഡ്-19 രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ പലരും വീടുകളില്‍ തന്നെയാണ്. എന്നാല്‍ ഈ സമയത്തും കര്‍മ്മ നിരതരാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. പലര്‍ക്കും മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളാണ് ഉണ്ടായത്. ഇതില്‍ പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. കോവിഡ് എന്ന മാഹാവ്യാധിക്കിടെ സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച് ജീവന്‍ പോലും പണയം വെച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നേര്യമംഗലത്തെ ജനങ്ങളുടെ നല്ലമനസിന്റെ കഥയാണ് അടിമാലി ട്രാഫിക് യൂണിറ്റിലെ എസ്‌ഐ അജി അരവിന്ദ് പങ്കുവെച്ചത്.

അജി അരവിന്ദ് പങ്കുവെച്ച കുറിപ്പ്:

നേര്യമംഗലമേ ഞങ്ങള്‍ തളരാതെ നോക്കിയ കരുതലിനു നന്ദി. ഞങ്ങള്‍ (അടിമാലി ട്രാഫിക് യൂണിറ്റിലെ 10 പൊലീസ് ഉദോഗസ്ഥര്‍) ലോക്ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി ഡേ–നൈറ്റ് നേര്യമംഗലത്തു ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിയിലായിരുന്നു. പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും ഡ്യൂട്ടി നോക്കുമ്പോള്‍ ഞങ്ങളെ സ്വന്തംകുടുംബത്തിലെ ഒരു അംഗത്തെപോലെ നോക്കിയ നേര്യമംഗലത്തെ വലിയ മനസ്സുകള്‍ക്ക് ഞങ്ങളുടെ ഹൃദയതില്‍ നിന്നുള്ള സല്യൂട്ട്.

നൈറ്റ് ഡ്യൂട്ടിയില്‍ രാവിലെ 3.30 ആകുമ്പോള്‍ കട്ടന്‍കാപ്പിയുമായി വരുന്ന ജഗദമ്മ മുത്തശ്ശിയും നേരം വെളുക്കുമ്പോള്‍ കാപ്പി തിളപ്പിച്ചു മക്കളുടെ കയ്യില്‍കൊടുത്തുവിടുന്ന അമ്പിളിയും ഒരുദിവസം പോലും മുടങ്ങാതെ ചായയുമായി വരുന്ന ബോസ്‌ച്ചേട്ടനും ഇടയ്ക്കിടയ്ക്ക് പലതരത്തിലുള്ള ആഹാരങ്ങളും ചായയുമായി വരുന്ന സലിം, 12 മണിക്ക് ചൂടു കൂടുമ്പോള്‍ മോരുംവെള്ളവുമായി വരുന്ന ഗ്രീന്‍മൗണ്ടിലെ സ്റ്റാഫ്, എന്നും ഉച്ചകഴിയുമ്പോള്‍ മുടങ്ങാതെ നാരങ്ങാവെള്ളവുമായി വരുന്നകാഞ്ഞിരവേലിയിലെ കൂട്ടുകാരന്‍, ഞങ്ങള്‍ക്ക് എന്തു സഹായത്തിനും ഓടിയെത്തുന്ന ടോമിചേട്ടന്‍, ബിജുവും ഭാര്യയും, ഞങ്ങള്‍ക്ക് മഴ നനയാതിരിക്കാനായി പന്തല്‍ ഇട്ടു തന്ന ഷിജോയും കൂട്ടുകാരും, എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി ഞങ്ങളുടെ അടുത്തുവന്നു വിശേഷം ചോദിച്ചു ചൂടുചായ കൊണ്ടുവന്നു പോകുന്ന മുത്തശ്ശിയും പുരുഷോത്തമന്‍ അച്ഛനും. ഇങ്ങനെ എത്രപേരുടെ സ്‌നേഹമാണ് കൊറോണ നീ ഞങ്ങളെ അറിയിച്ചത്.

ഇന്ന് ഡ്യൂട്ടി തീര്‍ന്നുപോരുമ്പോള്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു വിതുമ്പുന്ന അമ്മുമ്മയുടെ മുഖം മറയില്ല മനസ്സില്‍നിന്നും. ഉച്ചക്ക് ആ കുടിലില്‍ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കായി കരുതിവച്ചു കൊണ്ടുവന്നു തരുമ്പോള്‍ മരിച്ചുപോയ മുത്തശ്ശി തിരിച്ചുവന്നപോലെ ഒരു തോന്നല്‍. എന്നും പൊടിപിടിച്ച പൊലീസ് ജീപ്പ് മുതല്‍ ഞങ്ങള്‍ വരുന്ന വാഹനം വരെ കഴുകി ഇടുന്ന ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും.. മറക്കില്ല, മറക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ..