മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെയാണ് അന്വേഷണങ്ങൾക്കൊടുവിൽ മാർട്ടിനെ പിടികൂടിയത്. മാർട്ടിന് വേണ്ടിയുള്ള തിരച്ചിലിൽ പോലീസ് ഡ്രോണുകളു൦ ഉപയോഗിച്ചിരുന്നു.

രാവിലെ എട്ടുമണിയോടെ സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ ആരംഭിക്കും. കണ്ണൂരില്‍നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ മാര്‍ട്ടിന്‍ ജോസഫിന്റൈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടി കൂടി മാര്‍ട്ടിന്‍ ജോസഫ് തന്നെ പീഡിപ്പിച്ചതായി എറണാകുളം വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി കൂടി പരിശോധിച്ചശേഷം വരുംദിവസങ്ങളില്‍ മാര്‍ട്ടിന്‍ ജോസഫിന്റേ അറസ്റ്റ് രേഖപ്പെടുത്തും. നിലവില്‍ ആദ്യ കേസില്‍ കോടതിയില്‍ ഹാജരാകുന്ന മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടും.