അച്ഛന്‍ അടുത്തുണ്ടായിട്ടും കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ പോലും സാധിക്കുന്നില്ല, കണ്ണുനനയിച്ച് ചിത്രം

കൊറോണയെ വരുതിയിലാക്കാന്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെ കഷ്ടപ്പെടുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും. ഇന്ത്യ മുഴുവന്‍ വീട്ടിലിരിക്കുമ്പോള്‍ അവര്‍ ഡ്യൂട്ടിയിലാണ്. അവര്‍ക്കും കുടുംബമുണ്ടെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. വിമര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത് പോലിസുകാരാണ്. ആരെങ്കിലും ചെയ്യുന്ന ചെറിയ മോശം പ്രവര്‍ത്തികള്‍ പോലും പോലിസ് വകുപ്പിനെ മുഴുവന്‍ ചീത്തപ്പേര് കേള്‍പ്പിക്കാറുണ്ട്. പോലിസ് ഉദ്യോഗസ്ഥന്റെയും കുട്ടികളുടെയും ചിത്രം കണ്ണുനനയിക്കുന്നതാണ്. ആര്‍.ജെയും സാമൂഹ്യപ്രവര്‍ത്തകയുമായ സുമി പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലുള്ളത്. പൊതുനിരത്തിലും മറ്റും ആളുകളുമായി അടുത്തിടപഴകിയതിനാല്‍ കുട്ടികളില്‍ നിന്ന് നിശ്ചിത അകലം അദ്ദേഹം പാലിക്കുന്നു. നിസഹായതയോടെ അദ്ദേഹത്തെ നോക്കി നില്‍ക്കുകയാണ് കുട്ടികള്‍. സാമൂഹിക അകലം പാലിക്കാനായി ആളുകളെ പൊതുനിരത്തില്‍ നിന്ന് വീടുകളിലേക്ക് ഓടിക്കുന്ന പൊലീസുകാര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. അങ്ങനെ വിമര്‍ശിക്കുന്നവര്‍ പൊലീസുകാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.