അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യ; ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോ. അര്‍ജുന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത റെനെ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ മൊഴിയാണ് സംഘം രേഖപ്പെടുത്തുക.

മരണത്തിനു മുൻപായി അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൂടിയാണ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ശസ്ത്രക്രിയയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അനന്യയുടെ സുഹൃത്തുക്കള്‍ റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണംഅനന്യയ്ക്ക് ജോലിക്ക് പോകാന്‍ പോലും സാധിച്ചിരുന്നില്ല. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങഅകില്‍ വയറ് അമര്‍ത്തി പിടിക്കണമായിരുന്നു. സാധാരണഗതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അനന്യയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശസ്ത്രക്രിയ വിജയകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രാന്‍സ് യുവതി അനന്യകുമാരി അലക്‌സിനെ ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.