മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, 40 എംഎല്‍എമാര്‍ ഒപ്പമെന്ന് ഷിന്‍ഡെ, വിമതരെ അസമിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. 40 എംഎല്‍എമാര്‍ തന്റെയൊപ്പം ഉണ്ടെന്ന് ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ശിവസേനയിലെ വിമത എംഎല്‍എമാരെ കൂടാതെ ഏഴ് സ്വതന്ത്രരും അടക്കം 40 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നും അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.

മാത്രമല്ല 34 എംഎല്‍എമാര്‍ക്ക് ഒപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഷിന്‍ഡേക്കൊപ്പം 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരും ഒപ്പമുണ്ടായിരുന്നത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നും ഷിന്‍ഡെയെ നീക്കിയിരുന്നു. എന്നാല്‍ അനുനയ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നര്‍വേക്കര്‍ സൂറത്തിലെത്തി ഷിന്‍ഡെയുമായി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നു.

ബിജെപി സഖ്യം പുനഃസ്ഥാപിച്ചാല്‍ തിരിച്ചെത്താമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നില്‍ ഏക്നാഥ് ഷിന്‍ഡെ ഉപാധി വെച്ചതായാണ് വിവരം. ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഷിന്‍ഡെ സൂറത്ത് വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്കാണ് യോഗം. അവശേഷിക്കുന്ന ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് കേസെടുത്തു.